പാരിസ് സെന്റ് ജെർമെയ്ൻ ഗോൾകീപ്പർ സിയോൺ സുസുക്കിക്കായുള്ള നീക്കങ്ങൾ ശക്തമാക്കുന്നു
പാർമ ഗോൾകീപ്പർ സിയോൺ സുസുക്കിക്കായുള്ള (23) ചർച്ചകൾ വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് പാരിസ് സെന്റ് ജെർമെയ്ൻ (PSG). ബോണസുകൾ ഉൾപ്പെടെ 33 ദശലക്ഷം യൂറോയുടെ ആദ്യ ഓഫർ ക്ലബ് സമർപ്പിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
ഈ ആഴ്ച തന്നെ സീരി എ ക്ലബ്ബുമായി ചർച്ചകൾ തുടരാനും ട്രാൻസ്ഫർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുമാണ് യൂറോപ്യൻ ചാമ്പ്യൻമാരായ പാരിസ് സെന്റ് ജെർമെയ്ൻ ലക്ഷ്യമിടുന്നത്. നേരത്തെ യുവന്റസിന് താൽപ്പര്യമുണ്ടായിരുന്ന താരമാണ് സുസുക്കി. എന്നാൽ പിഎസ്ജിയുടെ പദ്ധതികൾ കേട്ടതോടെ താരം ക്ലബ്ബിലേക്ക് മാറാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പിഎസ്ജി ഔദ്യോഗികമായി ഓഫർ സമർപ്പിച്ചതോടെ ചർച്ചകൾക്ക് തയ്യാറാണെന്ന് പാർമ അറിയിച്ചു. ഇതോടെ ജപ്പാൻ താരത്തെ സ്വന്തമാക്കുന്നതിനുള്ള മത്സരത്തിൽ യുവന്റസിനേക്കാൾ മുന്നിലാണ് പിഎസ്ജി.
ലൂക്കാസ് ഷെവലിയർ, മാറ്റ്വി സഫോനോവ് എന്നിവർ നിലവിൽ പിഎസ്ജിയുടെ ഗോൾകീപ്പർമാരായുണ്ട്. കഴിഞ്ഞ സമ്മറിൽ ഫസ്റ്റ് ചോയ്സ് കീപ്പറാകുമെന്ന പ്രതീക്ഷയിലാണ് ഷെവലിയർ ക്ലബ്ബിലെത്തിയത്, എന്നാൽ പിന്നീട് സഫോനോവ് ആ സ്ഥാനം പിടിച്ചെടുത്തു. കഴിഞ്ഞ സീസണിൽ 20 സീരി എ മത്സരങ്ങളിൽ കളിച്ച സുസുക്കി, പരിക്കിനിടയിലും അഞ്ച് ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയിരുന്നു. 2026 ലോകകപ്പിൽ ജപ്പാനെ പ്രീ ക്വാർട്ടറിലെത്തിക്കുന്നതിൽ സുസുക്കി നിർണായക പങ്കുവഹിച്ചു. ബ്രസീലിനെതിരായ മത്സരത്തിന് ശേഷമാണ് ജപ്പാൻ ടൂർണമെന്റിൽ നിന്ന് പുറത്തായത്.
