ഗോൾ ആഘോഷത്തിനിടെ താരം ടണലിലേക്ക് വീണു; വീഡിയോ വൈറലാകുന്നു
ബ്രസീലിയൻ ഫുട്ബോൾ ലീഗിൽ കൊരിറ്റിബയും ഷാപെകോയൻസും തമ്മിലുള്ള മത്സരത്തിനിടെ വിചിത്രമായൊരു അപകടം സംഭവിച്ചു. മത്സരത്തിന്റെ 42-ാം മിനിറ്റിൽ കൊരിറ്റിബ ക്യാപ്റ്റൻ ജാസിയാണ് ഗോൾ നേടിയത്. ഗോൾ നേടിയ ആവേശത്തിൽ പന്തുമായി ബാരിയറിന് മുകളിലൂടെ ചാടിയ താരം പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. ബാരിയറിന് തൊട്ടുപിന്നിലായി കളിക്കാരുടെ ടണലിലേക്കുള്ള പ്രവേശന കവാടം ഉണ്ടായിരുന്നത് താരം ശ്രദ്ധിച്ചിരുന്നില്ല.
സംഭവം നടന്ന ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി താരത്തെ സഹായിച്ചു. കൊരിറ്റിബയുടെ മെഡിക്കൽ സംഘം അദ്ദേഹത്തിന് അടിയന്തര ചികിത്സ നൽകി. ആദ്യ പകുതി വരെ കളിച്ചെങ്കിലും, പരിക്കേറ്റതിനെത്തുടർന്ന് രണ്ടാം പകുതിയിൽ ജാസിയെ പിൻവലിച്ചു.
‘കാസേ ടിവി’യുടെ റിപ്പോർട്ട് പ്രകാരം, വീഴ്ചയിൽ താരത്തിന്റെ കണങ്കാലിന് പരിക്കേറ്റതാണ് സബ്സ്റ്റിറ്റ്യൂഷന് കാരണമായത്. മത്സരം അവസാനിച്ച ശേഷം ബെഞ്ചിലിരുന്ന് ഐസ് പാക്ക് വെക്കുന്ന താരത്തെ കാണാമായിരുന്നു. താൻ സുഖമായിരിക്കുന്നുവെന്ന് പിന്നീട് അദ്ദേഹം പ്രതികരിച്ചു. പ്രതിരോധനിരക്കാരായ തങ്ങൾ അപൂർവ്വമായാണ് ഗോൾ നേടാറുള്ളതെന്നും, അപ്പോൾ ആവേശത്തിൽ നിയന്ത്രണം വിട്ടുപോയതാകുമെന്നും ജാസി കൂട്ടിച്ചേർത്തു.
നേരത്തെ ജർമ്മനിയിലെ ഒളിമ്പ്യാസ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ മഗ്‌ഡെബർഗ് താരമായിരുന്ന റയാൻ ഗ്രീബും ഇത്തരത്തിൽ ബാരിയറിന് പിന്നിലെ 2.70 മീറ്റർ താഴ്ചയുള്ള കുഴിയിലേക്ക് വീണിരുന്നു. ഭാഗ്യവശാൽ അന്ന് താരത്തിന് പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ല.
അതേസമയം, കൊരിറ്റിബ മത്സരത്തിൽ 2-1ന് വിജയിച്ചെങ്കിലും ജാസിയുടെ ഗോൾ വാർ (VAR) പരിശോധനയ്ക്ക് ശേഷം ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി റദ്ദാക്കി. ഇതോടെ ആവേശകരമായ ആഘോഷത്തിന് പിന്നാലെ താരത്തിന് ഇരട്ട തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
