ന്യൂകാസിൽ യുണൈറ്റഡിലേക്ക് മത്തിയാസ് ഫെർണാണ്ടസ്-പാർഡോ; 51 ദശലക്ഷം പൗണ്ടിന്റെ കരാർ
Photo by Jose Manuel Alvarez Rey/Getty Images
ലില്ലെയുടെ മുന്നേറ്റനിര താരമായ മത്തിയാസ് ഫെർണാണ്ടസ്-പാർഡോയെ സ്വന്തമാക്കാൻ ഒരുങ്ങി ന്യൂകാസിൽ യുണൈറ്റഡ്. സ്കൈ സ്പോർട്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, 51 ദശലക്ഷം പൗണ്ട് ട്രാൻസ്ഫർ തുകയ്ക്കാണ് താരം ന്യൂകാസിലുമായി കരാറിലെത്തുന്നത്. ഇതിനകം താരത്തിന്റെ മെഡിക്കൽ പരിശോധനകൾ പൂർത്തിയായിട്ടുണ്ട്.
ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ന്യൂകാസിൽ ജഴ്സിയിൽ 20-ാം നമ്പർ ജഴ്സി ആയിരിക്കും താരം അണിയുക. നേരത്തെ ആഴ്സണലുമായി താരത്തെ ബന്ധപ്പെടുത്തി വാർത്തകൾ വന്നിരുന്നെങ്കിലും, ട്രാൻസ്ഫർ തുകയിലെ തടസ്സങ്ങൾ തിരിച്ചടിയാവുകയായിരുന്നു.

Photo by Stu Forster/Getty Images
അത്ലറ്റിക്കോ മാഡ്രിഡ്, ആർബി ലെയ്പ്സിഗ് തുടങ്ങിയ ക്ലബ്ബുകളും താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും ഉയർത്തിയ വില തടസ്സമായി മാറി. എന്നാൽ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ഘട്ടത്തിൽ ലില്ലെ തങ്ങളുടെ നിലപാടിൽ അയവ് വരുത്തുകയായിരുന്നു.
ലില്ലെ പ്രസിഡന്റ് ഒലിവിയർ ലെറ്റാങ് നേരത്തെ താരം വിൽക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. 2029 വരെ കരാറുള്ള താരത്തെ ടീമിൽ നിലനിർത്തുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഫൂട്ട് മെർക്കാറ്റോ റിപ്പോർട്ട് പ്രകാരം 70 ദശലക്ഷം യൂറോയിൽ (60 ദശലക്ഷം പൗണ്ട്) കൂടുതൽ ലഭിച്ചാൽ മാത്രമേ താരത്തെ വിട്ടുനൽകൂ എന്ന് ലില്ലെ നിലപാടെടുത്തിരുന്നെങ്കിലും, ഒടുവിൽ 51 ദശലക്ഷം പൗണ്ടിന് ഇടപാട് ഉറപ്പിക്കുകയായിരുന്നു.

Photo by Gareth Copley/Getty Images
2025/26 സീസണിൽ എട്ട് ഗോളുകൾ നേടാനും ഏഴ് ഗോളുകൾക്ക് വഴിയൊരുക്കാനും മത്തിയാസ് ഫെർണാണ്ടസ്-പാർഡോയ്ക്ക് സാധിച്ചു. ലില്ലെയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലും താരം പ്രധാന പങ്കുവഹിച്ചു. ലോകകപ്പിലും ബെൽജിയം ദേശീയ ടീമിനായി താരം കളത്തിലിറങ്ങി. കഴിഞ്ഞ സീസണിലെ സസ്പെൻഷൻ കാരണം ലില്ലെയുടെ ഈ സീസണിലെ തുടക്ക മത്സരങ്ങളിൽ താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.

Photo by Claudio Villa/Getty Images
