ഓർലാൻഡോ സിറ്റിയിൽ തിളങ്ങി അന്റോയിൻ ഗ്രീസ്മാൻ; തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ
ഓർലാൻഡോ സിറ്റിയിൽ അന്റോയിൻ ഗ്രീസ്മാൻ മികച്ച ഫോമിൽ തുടരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടിയ ഫ്രഞ്ച് ലോകകപ്പ് ജേതാവായ ഗ്രീസ്മാൻ, ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും പഴയ ഫോമിലേക്ക് തിരിച്ചെത്തിയത്.
ശനിയാഴ്ച രാത്രി സാൻ ഡീഗോയ്‌ക്കെതിരായ മത്സരത്തിലും ഗോൾ നേടിയതോടെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ വലചലിപ്പിക്കാൻ ഗ്രീസ്മാന് സാധിച്ചു.
മത്സരത്തിനിടെ ലഭിച്ച ഒരു ലോങ് പാസ് സാൻ ഡീഗോ പ്രതിരോധനിരയുടെ പിഴവുമൂലം ബോക്സിനുള്ളിൽ തനിച്ചായിരുന്ന ഗ്രീസ്മാന്റെ കാലുകളിലെത്തി. പന്ത് ലഭിച്ചയുടൻ കൃത്യമായ ഷോട്ടിലൂടെ അദ്ദേഹം പന്ത് വലയുടെ ഇടത് കോണിലേക്ക് അടിച്ചുകയറ്റി.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് ഗ്രീസ്മാൻ സ്വന്തമാക്കിയത്. ഇതോടെ മേജർ ലീഗ് സോക്കറിൽ എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും എന്ന നേട്ടത്തിലേക്ക് അദ്ദേഹം എത്തി. മികച്ച ഫോമിൽ തുടരുന്ന താരം വരും മത്സരങ്ങളിലും ടീമിന് കരുത്താകുമെന്നാണ് ആരാധകർ കരുതുന്നത്.
