ഇരുപത് വർഷത്തെ കാത്തിരിപ്പിന് വിരാമം; അണ്ടർ-20 ഏഷ്യൻ കപ്പിന് യോഗ്യത നേടി ഇന്ത്യ
ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ അണ്ടർ-20 ഏഷ്യൻ കപ്പിന് യോഗ്യത നേടി. താഷ്കെന്റിലെ ദോസ്ത്ലിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയതും, ഉസ്ബെക്കിസ്ഥാൻ-സിറിയ മത്സരഫലം അനുകൂലമായതുമാണ് ഇന്ത്യൻ ടീമിന് തുണയായത്.
മത്സരത്തിന്റെ 25-ാം മിനിറ്റിൽ ഡാനി മെയ്‌റ്റെയ് ലെയ്‌ഷ്രാം ആണ് ഇന്ത്യക്കായി ആദ്യ ഗോൾ നേടിയത്. തുടർന്ന് 60-ാം മിനിറ്റിൽ വിശാൽ യാദവ് അതിമനോഹരമായ ഒരു ഷോട്ടിലൂടെ ഇന്ത്യയുടെ ലീഡ് ഉയർത്തി. 79-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അർബാഷ് കൂടി ഗോൾ കണ്ടെത്തിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റ് നേടിയ ഇന്ത്യ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തെത്തി. ഒൻപത് പോയിന്റുമായി ഉസ്ബെക്കിസ്ഥാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി യോഗ്യത നേടി. സിറിയയെ പരാജയപ്പെടുത്തിയ ശേഷമാണ് ഉസ്ബെക്കിസ്ഥാൻ ഒന്നാമതെത്തിയത്.
മൂന്ന് പോയിന്റുമായി സിറിയ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് പട്ടികയിൽ അവസാന സ്ഥാനത്തായി. എട്ട് ഗ്രൂപ്പുകളിൽ നിന്നുള്ള മികച്ച ഏഴ് രണ്ടാം സ്ഥാനക്കാരിൽ ഒരാളായാണ് ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടിയത്.
അവസാനമായി 2006-ലാണ് ഇന്ത്യ അണ്ടർ-20 ഏഷ്യൻ കപ്പിൽ പങ്കെടുത്തത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടീം പുറത്താവുകയായിരുന്നു.
Published on Sep 06, 2026
