സാൻ സിറോ സ്റ്റേഡിയം പദ്ധതി വീണ്ടും നിയമക്കുരുക്കിൽ
മിലാൻ, ഇന്റർ മിലാൻ ടീമുകളുടെ സംയുക്ത സ്റ്റേഡിയം പദ്ധതി വീണ്ടും പ്രതിസന്ധിയിൽ. സാന്‍ സിറോ സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഭൂമി കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് മിലാൻ മുനിസിപ്പാലിറ്റി നിയമനടപടികളെ നേരിടുകയാണ്.
‘ലാ വെരിറ്റ’യുടെ റിപ്പോർട്ട് പ്രകാരം, ക്ലബ്ബുകളുടെ സംയുക്ത സംരംഭമായ ‘സ്റ്റേഡിയോ സാൻ സിറോ എസ്പിഎ’ (Stadio San Siro SpA) എന്ന കമ്പനിക്ക് ഭൂമി കൈമാറിയതിലെ നിയമസാധുത ചോദ്യം ചെയ്ത് ഒരു പ്രാദേശിക പൗരൻ കോടതിയിൽ പരാതി നൽകി.
2025 നവംബർ 5-നാണ് ഈ ഭൂമി കൈമാറ്റം ഔദ്യോഗികമായി പൂർത്തിയാക്കിയത്. എന്നാൽ സ്റ്റേഡിയത്തിന് 70 വർഷം തികയാൻ അഞ്ച് ദിവസം മാത്രം ശേഷിക്കവെയാണ് ഈ ഇടപാട് നടന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു. 70 വർഷം പൂർത്തിയായാൽ സ്റ്റേഡിയം സംരക്ഷിത സ്മാരകമായി മാറും, തുടർന്ന് അതിന്റെ വിൽപനയോ പൊളിക്കലോ നിയമപ്രകാരം തടയപ്പെടും. ഇത് മറികടക്കാനാണ് അധികൃതർ തിരക്കിട്ട് വിൽപന നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
മിലാനും ഇന്റർ മിലാനും അവരുടെ ആധുനിക സ്റ്റേഡിയം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കാത്തിരിക്കുമ്പോഴാണ് ഈ പുതിയ നിയമതടസ്സം വന്നിരിക്കുന്നത്. മുൻകരുതൽ നടപടിയെന്ന നിലയിൽ വിൽപന താൽക്കാലികമായി നിർത്തിവെക്കണമെന്ന് ഉപദേശകർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, അധികൃതർ അത് അവഗണിക്കുകയായിരുന്നു. ഈ കോടതി നടപടി മിലാൻ സിറ്റി കൗൺസിലിനെ നീണ്ട നിയമപോരാട്ടത്തിലേക്ക് തള്ളിവിടുമെന്നും സ്റ്റേഡിയം നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും വൈകുമെന്നുമാണ് റിപ്പോർട്ടുകൾ.
