നോട്ടിങ്ഹാം ഫോറസ്റ്റ് ഫുട്ബോൾ മേധാവി എഡു പടിയിറങ്ങി
നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ഗ്ലോബൽ ഹെഡ് ഓഫ് ഫുട്ബോൾ സ്ഥാനത്ത് നിന്ന് എഡു പടിയിറങ്ങി. സിറ്റി ഗ്രൗണ്ടിൽ ഒരു വർഷത്തിലേറെ സേവനം അനുഷ്ഠിച്ച ശേഷമാണ് ആഴ്‌സണൽ മുൻ മിഡ്‌ഫീൽഡർ കൂടിയായ അദ്ദേഹം ക്ലബ്ബ് വിടുന്നത്. ഫെബ്രുവരിക്ക് ശേഷം ഒരു മത്സരത്തിൽ പോലും എഡു പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ കരാർ അവസാനിപ്പിച്ചതായാണ് സൂചനകൾ. നേരത്തെ തന്നെ ഇദ്ദേഹം ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു.
നോട്ടിങ്ഹാം ഫോറസ്റ്റ് പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോയുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് എഡുവിന്റെ സ്ഥാനം ചർച്ചാവിഷയമായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തായ പരിശീലകൻ നുനോ, ക്ലബ്ബ് ഉടമ ഇവാഞ്ചലോസ് മരിനാകിസുമായുള്ള തന്റെ ബന്ധത്തിൽ മാറ്റമുണ്ടായെന്നും ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അന്ന് സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഫോറസ്റ്റ് പുറത്താക്കിയ നാല് പരിശീലകരിൽ ഒരാളായിരുന്നു നുനോ.
എഡുവിന് പകരക്കാരനെ നിയമിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ക്ലബ്ബിന്റെ ചീഫ് ഫുട്ബോൾ ഓഫീസർ ജോർജ് സിറിയാനോസ് അദ്ദേഹത്തിന്റെ ചുമതലകൾ ഏറ്റെടുക്കും. 2025 ജൂലൈയിലാണ് എഡുവിനെ നിയമിക്കുന്നത്. ക്ലബ്ബ് ഉടമ മരിനാകിസിന് ഉടമസ്ഥതയിലുള്ള ഗ്രീക്ക് ക്ലബ്ബ് ഒളിമ്പിയാക്കോസ്, പോർച്ചുഗീസ് ക്ലബ്ബ് റിയോ ഏവ് എന്നിവയുടെ കൂടി ചുമതല അദ്ദേഹത്തിന് ഉണ്ടായിരുന്നു.
ആഴ്‌സണലിൽ ആറ് വർഷം പ്രവർത്തിച്ചതിന് ശേഷമാണ് എഡു ഇവിടെ എത്തിയത്. 2022-ൽ ആഴ്‌സണലിന്റെ ആദ്യ സ്‌പോർട്ടിംഗ് ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റിരുന്നു. ആഴ്‌സണലിൽ കളിക്കാരനായിരുന്ന കാലത്ത് രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് എഫ്.എ കപ്പുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പരിശീലകൻ മൈക്കൽ ആർട്ടെറ്റയെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ എത്തിച്ചതും എഡുവിന്റെ തീരുമാനമായിരുന്നു. ആർട്ടെറ്റയുടെ നേതൃത്വത്തിൽ കഴിഞ്ഞ സീസണിൽ 22 വർഷത്തിന് ശേഷം ആഴ്‌സണൽ പ്രീമിയർ ലീഗ് കിരീടം നേടിയിരുന്നു.
കഴിഞ്ഞ ആഴ്ച ഒളിമ്പിയാക്കോസ് വൈസ് പ്രസിഡന്റ് തിയോഡോർ ജിയാനിക്കോസിനെ ചീഫ് എക്സിക്യൂട്ടീവായി നിയമിച്ചതിന് പിന്നാലെയാണ് എഡുവിന്റെ മടക്കം. കഴിഞ്ഞ സീസൺ അവസാനത്തോടെ സ്ഥാനം ഒഴിഞ്ഞ ലീന സോളൂക്കുവിന് പകരമാണ് ജിയാനിക്കോസ് ചുമതലയേറ്റത്.
