ബാർക്ലേസ് വിമൻസ് സൂപ്പർ ലീഗിൽ മോശം പ്രകടനം; ആസ്റ്റൺ വില്ല മുഖ്യ പരിശീലക നടാലിയ അറോയോയെ പുറത്താക്കി
ബാർക്ലേസ് വിമൻസ് സൂപ്പർ ലീഗിലെ പുതിയ സീസണിൽ വിജയങ്ങളൊന്നും നേടാൻ സാധിക്കാത്തതിനെത്തുടർന്ന് ആസ്റ്റൺ വില്ല തങ്ങളുടെ മുഖ്യ പരിശീലകയായ നടാലിയ അറോയോയെ പുറത്താക്കി. ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം ഇന്ന് രാവിലെ അറിയിച്ചത്.
ടോട്ടൻഹാം ഹോട്സ്പറിനോട് 4-0 എന്ന സ്കോറിന് ആസ്റ്റൺ വില്ല പരാജയപ്പെട്ടതിന് 24 മണിക്കൂറിനുള്ളിലാണ് 40 വയസ്സുകാരിയായ അറോയോയുടെ പുറത്താക്കൽ. ഈ തോൽവിയോടെ ബാർക്ലേസ് വിമൻസ് സൂപ്പർ ലീഗ് പട്ടികയിൽ റിലഗേഷൻ സോണിന് തൊട്ടുമുകളിൽ 13-ാം സ്ഥാനത്താണ് ക്ലബ്ബുള്ളത്.
2025 ജനുവരിയിലാണ് നടാലിയ അറോയോ ആസ്റ്റൺ വില്ലയുടെ മുഖ്യ പരിശീലകയായി ചുമതലയേൽക്കുന്നത്. തന്റേതായ ശൈലി ടീമിൽ നടപ്പിലാക്കാൻ സ്പാനിഷ് പരിശീലകയായ അറോയോക്ക് സമയമെടുത്തു. തുടർന്ന് ആഴ്സണൽ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ പ്രമുഖ ടീമുകൾക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിന് സാധിച്ചു.
കഴിഞ്ഞ സീസണിൽ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ അറോയോക്ക് സാധിച്ചിരുന്നു. ഈ സീസണിൽ കൂടുതൽ മികച്ച നേട്ടങ്ങളാണ് ക്ലബ്ബ് പ്രതീക്ഷിച്ചിരുന്നത്. സീസണിന്റെ തുടക്കത്തിൽ ചില കടുത്ത മത്സരങ്ങൾ നേരിടേണ്ടി വന്നെങ്കിലും, കളിച്ച നാല് ലീഗ് മത്സരങ്ങളിലും വിജയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മാനേജ്‌മെന്റ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ക്ലബ്ബിന്റെ വിമൻസ് ടെക്നിക്കൽ അഡ്വൈസർ ബ്രയാൻ സോറൻസൺ ടീമിന്റെ ഇടക്കാല പരിശീലകനായി ചുമതലയേൽക്കുമെന്ന് ആസ്റ്റൺ വില്ല സ്ഥിരീകരിച്ചു. നാളെ രാത്രി സ്വന്തം മൈതാനത്ത് ന്യൂകാസിൽ യുണൈറ്റഡിനെതിരെയുള്ള സബ്‌വേ പ്ലെയേഴ്സ് കപ്പ് മത്സരത്തിൽ അദ്ദേഹം ടീമിനെ നയിക്കും. ഞായറാഴ്ച നടക്കുന്ന ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിലും അദ്ദേഹം ഡഗൗട്ടിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
