രാജ്യാന്തര മത്സരങ്ങൾക്കിടെ താരങ്ങൾക്ക് പരുക്കേറ്റാൽ ക്ലബ്ബുകൾക്ക് ഫിഫ നഷ്ടപരിഹാരം നൽകും
രാജ്യാന്തര മത്സരങ്ങൾക്കായി പോകുമ്പോൾ താരങ്ങൾക്ക് പരുക്കേറ്റാൽ നിശ്ചിത സാഹചര്യങ്ങളിൽ ക്ലബ്ബുകൾക്ക് ഫിഫ നഷ്ടപരിഹാരം നൽകുന്നുണ്ട്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലെ നീണ്ട രാജ്യാന്തര ഇടവേളയിൽ ഇതിനകം തന്നെ പ്രീമിയർ ലീഗിലെ ബ്രൂണോ ഫെർണാണ്ടസ്, കോഡി ഗാക്പോ, അലക്സാണ്ടർ ഐസക്, നിക്കോ ഒറൈലി, കായ് ഹാവെർട്സ്, ബ്രയാൻ ബ്രോബി, ഡാൻ ബല്ലാർഡ് എന്നിവർക്ക് പരുക്കേറ്റിരുന്നു. രണ്ട് റൗണ്ട് മത്സരങ്ങൾ കൂടി ബാക്കി നിൽക്കെയാണ് ഈ താരങ്ങൾക്ക് പരുക്കേറ്റത്. റയൽ മാഡ്രിഡ് സ്ട്രൈക്കറും ഫ്രാൻസ് ക്യാപ്റ്റനുമായ കിലിയൻ എംബാപ്പെയ്ക്കും ഈ ഇടവേളയിൽ പരുക്കേറ്റു.
രാജ്യാന്തര ഡ്യൂട്ടിക്കിടയിൽ ഒരു താരത്തിന് പുതിയ പരുക്ക് സംഭവിക്കുകയും, അതുമൂലം 28 ദിവസത്തിൽ കുറയാത്ത കാലയളവിൽ പരിശീലനത്തിലോ മത്സരങ്ങളിലോ പങ്കെടുക്കാൻ കഴിയാതെ വരികയും ചെയ്താൽ, ഫിഫയുടെ ‘ക്ലബ് പ്രൊട്ടക്ഷൻ പ്രോഗ്രാം’ വഴി ക്ലബ്ബുകൾക്ക് സാമ്പത്തിക നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും. താരത്തിന്റെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാര പാക്കേജ് കണക്കാക്കുന്നത്. അന്താരാഷ്ട്ര മാച്ച് കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള തീയതികളിൽ നടക്കുന്ന ‘എ’ ഗ്രേഡ് മത്സരങ്ങൾക്കിടയിൽ സംഭവിക്കുന്ന പരുക്കുകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.
ഒരു താരം തന്റെ ക്ലബ്ബിൽ നിന്ന് രാജ്യാന്തര ഡ്യൂട്ടിക്കായി യാത്ര തിരിക്കുന്നത് മുതൽ ഈ പരിരക്ഷാ കാലയളവ് തുടങ്ങുന്നു. താരം തിരിച്ചെത്തുന്ന ദിവസത്തെ അർദ്ധരാത്രിയോ അല്ലെങ്കിൽ ദേശീയ ടീമിനെ വിട്ട ശേഷം 48 മണിക്കൂർ തികയുന്ന സമയമോ, ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെയാണ് പരിരക്ഷ നിലനിൽക്കുന്നത്. ഒരു ദിവസം 20,548 യൂറോ എന്ന നിരക്കിൽ പരമാവധി 7.5 ദശലക്ഷം യൂറോ വരെയാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഒരു താരം ഒരു വർഷം മുഴുവൻ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നാൽ ക്ലബ്ബിന് 365 ദിവസത്തേക്ക് ഈ ആനുകൂല്യം ലഭിക്കും.
ക്ലബ്ബുകൾക്ക് ഫിഫ നേരിട്ടാണ് നഷ്ടപരിഹാരത്തുക കൈമാറുന്നത്. താരങ്ങളുടെ ശമ്പളം മാത്രമാണ് ഇതിൽ ഉൾപ്പെടുക. ബോണസുകളോ കരാറിലുള്ള മറ്റ് പ്രത്യേക തുകകളോ ഇതിൽ പരിഗണിക്കില്ല.
എന്തൊക്കെ പരുക്കുകൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക?
രാജ്യാന്തര മത്സരങ്ങൾക്കിടെ പുതിയതായി സംഭവിക്കുന്ന പരുക്കുകൾക്ക് മാത്രമേ ക്ലബ്ബുകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ. പരുക്ക് കാരണം താരം തുടർച്ചയായി 28 ദിവസമെങ്കിലും മത്സരങ്ങളിൽ നിന്ന് മാറിനിൽക്കണം. ഒരേ താരത്തിന് ഒരേ പരുക്കിന് പരമാവധി 365 ദിവസത്തേക്കാണ് ഒരു ക്ലബ്ബിന് നഷ്ടപരിഹാരം ലഭിക്കുക.
താരം വീണ്ടും പരിശീലനത്തിലോ മത്സരങ്ങളിലോ തിരിച്ചെത്തുകയോ, താരത്തിന്റെ കരാർ കാലാവധി തീരുകയോ, മരണം സംഭവിക്കുകയോ, തൊഴിൽ മാറുകയോ ചെയ്താൽ നഷ്ടപരിഹാരം നൽകുന്നത് നിർത്തും. കൂടാതെ ഒരു ക്ലബ്ബിന് നിശ്ചയിച്ചിട്ടുള്ള പരമാവധി തുക ലഭിച്ചു കഴിഞ്ഞാലും പണം നൽകുന്നത് അവസാനിപ്പിക്കും.
പഴയ പരുക്കുകൾ രാജ്യാന്തര മത്സരങ്ങൾക്കിടെ വീണ്ടും വരുന്നത് ഈ ഇൻഷുറൻസ് പരിധിയിൽ വരില്ല. എന്നാൽ ഒരു പരുക്ക് ഭേദമായി 30 ദിവസത്തിനുള്ളിൽ വീണ്ടും അതെ പരുക്ക് തന്നെ ആവർത്തിക്കുകയാണെങ്കിൽ ക്ലബ്ബിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. രോഗം ബാധിക്കുന്നവർക്കോ, സ്ഥിരമായി വൈകല്യം സംഭവിക്കുന്നവർക്കോ, മരണപ്പെടുന്നവർക്കോ ഫിഫയുടെ ക്ലബ് പ്രൊട്ടക്ഷൻ പ്രോഗ്രാമിന്റെ ആനുകൂല്യം ലഭിക്കില്ല. സ്വയം വരുത്തിവെക്കുന്ന പരുക്കുകൾക്കോ ആത്മഹത്യാ ശ്രമങ്ങൾക്കോ ഈ ഇൻഷുറൻസ് ബാധകമല്ല.
