ആഴ്‌സണലിൽ പുതിയ കരാറിലേക്ക് ഡെക്ലാൻ റൈസ്; ചർച്ചകൾ അന്തിമഘട്ടത്തിൽ
ആഴ്‌സണലുമായി ദീർഘകാല കരാറിൽ ഒപ്പിടാനൊരുങ്ങി ഇംഗ്ലണ്ട് മിഡ്‌ഫീൽഡർ ഡെക്ലാൻ റൈസ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ബിബിസി സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. 2023 ജൂലൈയിൽ 105 ദശലക്ഷം പൗണ്ടിന് വെസ്റ്റ് ഹാമിൽ നിന്നും ആഴ്‌സണലിലെത്തിയ റൈസ്, ക്ലബ്ബിന്റെ പ്രധാന കളിക്കാരിലൊരാളായി ഇതിനകം മാറിക്കഴിഞ്ഞു.
നിലവിലെ കരാർ അടുത്ത സീസണോടെ അവസാനിക്കാനിരിക്കെയാണ് പുതിയ കരാറിനായുള്ള നീക്കങ്ങൾ നടക്കുന്നത്. മാർച്ചിൽ തന്നെ ഇത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിരുന്നുവെന്ന് ബിബിസി സ്പോർട്ട് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
27 വയസ്സുകാരനായ റൈസ് ഇതുവരെ 165 മത്സരങ്ങളിൽ ആഴ്‌സണലിനായി കളത്തിലിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രീമിയർ ലീഗ് കിരീടം നേടുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
പുതിയ കരാറിലൂടെ റൈസിന്റെ പ്രതിവാര ശമ്പളത്തിൽ വലിയ വർദ്ധനവ് ഉണ്ടായേക്കും. നിലവിൽ ആഴ്‌സണലിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബുക്കായോ സാക്കയ്ക്ക് തുല്യമായ ശമ്പളം (പ്രതിവാരം 350,000 പൗണ്ട്) റൈസിനും ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ 240,000 പൗണ്ടാണ് താരത്തിന്റെ പ്രതിവാര വരുമാനം.
സമീപകാലത്ത് തോമസ് ടൂച്ചലിന്റെ ഇംഗ്ലണ്ട് ടീമിൽ നിന്ന് റൈസ് പിന്മാറിയിരുന്നു. എങ്കിലും 2019-ൽ റിപ്പബ്ലിക് ഓഫ് അയർലൻഡിൽ നിന്ന് ഇംഗ്ലണ്ട് ടീമിലേക്ക് മാറിയ ശേഷം 80 മത്സരങ്ങളിൽ താരം അന്താരാഷ്ട്ര തലത്തിൽ കളിച്ചിട്ടുണ്ട്.
യൂറോപ്പിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളാണ് ഡെക്ലാൻ റൈസ് എന്ന് ടൂച്ചൽ നേരത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.
ശനിയാഴ്ച നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലീഡ്‌സിനെതിരെ ആഴ്‌സണലിനായി റൈസ് കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ആഴ്‌സണലിന്റെ പരിശീലകൻ മൈക്കൽ ആർടേറ്റ പുതിയ നാല് വർഷത്തെ കരാറിൽ ഒപ്പിട്ടതായി ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
