ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നിലവിൽ ഓൺലൈനിൽ മാത്രം; ടെലികാസ്റ്റിനായി ശ്രമമെന്ന് അധികൃതർ
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) മത്സരങ്ങൾ നിലവിൽ സോണി ലിവ് (SonyLIV), യൂട്യൂബ് (YouTube) എന്നീ പ്ലാറ്റ്‌ഫോമുകളിൽ മാത്രമാണ് സംപ്രേക്ഷണം ചെയ്യുന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. മത്സരങ്ങൾ എത്രയും വേഗത്തിൽ ടെലിവിഷൻ ചാനലുകളിലും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു.
ശനിയാഴ്ച നടന്ന ബംഗളൂരു എഫ്‌സി-എസ്‌സി ഡൽഹി, എഫ്‌സി ഗോവ-ചെന്നൈയിൻ എഫ്‌സി മത്സരങ്ങൾ ഈ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ മാത്രമാണ് കാണാൻ സാധിച്ചത്. ടെലിവിഷനിൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നില്ല. ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായാണ് മത്സരങ്ങൾ യൂട്യൂബ് വഴി തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.
“ഐഎസ്എൽ മത്സരങ്ങൾ നിലവിൽ യൂട്യൂബിലും സോണി ലീവിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്ന് ആരാധകരെ അറിയിക്കുന്നു,” എന്ന് സോഷ്യൽ മീഡിയയിലൂടെ ലീഗ് അധികൃതർ വ്യക്തമാക്കി.
“മത്സരങ്ങൾ എത്രയും വേഗത്തിൽ ടെലിവിഷനിൽ ലഭ്യമാക്കുന്നതിനായി സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കുമായി ചേർന്ന് ലീഗ് പ്രവർത്തിക്കുന്നുണ്ട്,” എന്നും അധികൃതർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ സീസണിൽ ഫാൻ കോഡ് (FanCode) വഴി സംപ്രേക്ഷണം ചെയ്തിരുന്ന ഇന്ത്യയിലെ മുൻനിര ഫുട്ബോൾ ലീഗായ ഐഎസ്എല്ലിന്റെ സംപ്രേക്ഷണാവകാശം ഇത്തവണ സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിലേക്ക് മാറിയിരുന്നു.
Published on Oct 11, 2026
