ചെൽസിയിലേക്ക് മൊറോക്കൻ താരം ഗെസിം യാസിൻ; സൈനിംഗ് അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്
മൊറോക്കൻ അന്താരാഷ്ട്ര ഫുട്ബോൾ താരവും ആർസി സ്ട്രാസ്ബർഗ് വിങ്ങറുമായ ഗെസിം യാസിനെ (20) സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബ് ചെൽസി നടപടികൾ വേഗത്തിലാക്കിയതായി റിപ്പോർട്ട്. ചെൽസിയുടെ മുൻ ഗോൾകീപ്പിംഗ് കോച്ച് ക്രിസ്റ്റോഫ് ലോളിചോണാണ് ഇക്കാര്യം വ്യക്തമാക്കിയത്. Ouest-France നൽകിയ അഭിമുഖത്തിലാണ് യാസിൻ ‘ഏതാണ്ട്’ ചെൽസിയിൽ എത്തിക്കഴിഞ്ഞുവെന്ന് അദ്ദേഹം സൂചിപ്പിച്ചത്. ഈ വർഷം ആദ്യം 7 ദശലക്ഷം യൂറോയ്ക്കാണ് താരം ലിഗ് 2 ക്ലബ്ബായ ഡങ്കർക്കിൽ നിന്നും സ്ട്രാസ്ബർഗിലേക്ക് ചേക്കേറിയത്.
സ്ട്രസ്ബർഗിനായി കളിച്ച 25 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും യാസിൻ നേടിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ഡിനോ ടോപ്പ്‌മോളറിന്റെ ആർസി ലെൻസിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനത്തിലൂടെ താരം മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയിരുന്നു. 2023-ൽ ഡങ്കർക്കിന്റെ ഗോൾകീപ്പിംഗ് കോച്ചായി ചേർന്ന ലോളിചോൺ, യുവപ്രതിഭകളെ കണ്ടെത്തുന്നതിലെ ക്ലബ്ബിന്റെ മികവിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് യാസിനെക്കുറിച്ച് പരാമർശിച്ചത്.
“പ്രതിഭകളെ കണ്ടെത്താനും അവർക്ക് അവസരങ്ങൾ നൽകാനും ഞങ്ങൾ അതീവ ശ്രദ്ധ ചെലുത്താറുണ്ട്. അവർ എത്രത്തോളം വളരുമെന്ന് പ്രവചിക്കാനാവില്ല”, ലോളിചോൺ പറയുന്നു. “ഇന്ന് ഗെസിം യാസിൻ സ്ട്രാസ്ബർഗിന് വേണ്ടിയാണ് കളിക്കുന്നത്, എന്നാൽ അദ്ദേഹം ഏതാണ്ട് ചെൽസിയിൽ എത്തിക്കഴിഞ്ഞു. എൻസോ ബാർഡെലി ലെവാന്റെയിലും, പിഎസ്‌ജിയിലൂടെ വളർന്ന മിടുക്കനായ അലെക് ജോർജൻ ലോറിയന്റിലുമാണ് ഇപ്പോൾ ഉള്ളത്.” ചെൽസിയിൽ ചേരുകയാണെങ്കിൽ, വാലന്റൈൻ ബാർക്കോ, മമാദു സർ, ഇമ്മാനുവൽ എമെഗ എന്നിവർക്ക് ശേഷം സ്ട്രാസ്ബർഗിൽ നിന്ന് ബ്ലൂകോയുടെ പ്രീമിയർ ലീഗ് ക്ലബ്ബിലെത്തുന്ന താരമായി യാസിൻ മാറും.