ആഴ്സനലിൽ 60 പേരെ പിരിച്ചുവിടാൻ തീരുമാനം; പ്രതികരിച്ച് മൈക്കൽ ആർട്ടെറ്റ
പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സനലിൽ 60 ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ക്ലബ്ബിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ക്ലബ്ബിന്റെ ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് ഗാർലിക് ഈ ആഴ്ചയാണ് ജീവനക്കാരെ ഇക്കാര്യം അറിയിച്ചത്. മെൻസ്, വുമൺസ് ടീമുകളിലെ കളിക്കാർക്കോ പരിശീലകർക്കോ ഈ തീരുമാനം ബാധകമായിരിക്കില്ല. ക്ലബ്ബിലെ സ്ഥിരം ജീവനക്കാരായ 871 പേരിൽ ഏഴ് ശതമാനം പേരെയാണ് ഈ പിരിച്ചുവിടൽ ബാധിക്കുന്നത്.
2024-25 സീസണിൽ ആഴ്സനൽ റെക്കോർഡ് വരുമാനമായ 691 മില്യൺ പൗണ്ട് നേടിയിരുന്നു. 2004-ന് ശേഷം ആദ്യമായി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ, കഴിഞ്ഞ ആഴ്ച മൈക്കൽ ആർട്ടെറ്റയുമായി ക്ലബ്ബ് നാല് വർഷത്തെ പുതിയ കരാർ ഒപ്പിട്ടിരുന്നു. സീസണിൽ 20 മില്യൺ പൗണ്ട് വരെ പ്രതിഫലം ലഭിക്കുന്ന രീതിയിലാണ് കരാർ.
ഞായറാഴ്ച നോട്ടിംഗ്ഹാം ഫോറസ്റ്റുമായുള്ള മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ പിരിച്ചുവിടലിനെക്കുറിച്ച് ചോദിച്ചപ്പോൾ, ആ ചോദ്യം തന്നോടല്ല ചോദിക്കേണ്ടതെന്ന് ആർട്ടെറ്റ മറുപടി നൽകി. “ക്ലബ്ബിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള വിശകലനങ്ങൾക്ക് ശേഷമാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. ക്ലബ്ബ് ലക്ഷ്യമിടുന്ന വിജയം നേടുന്നതിനും ശരിയായ ആളുകളെ ശരിയായ സ്ഥാനത്ത് നിയമിക്കുന്നതിനും ചില തീരുമാനങ്ങൾ അനിവാര്യമാണ്. ഇതെക്കുറിച്ച് എനിക്ക് കൂടുതൽ പറയാനില്ല,” ആർട്ടെറ്റ പറഞ്ഞു.
ഇതിനിടെ, ഔദ്യോഗിക ടീം ഫോട്ടോയിൽ നിന്ന് വില്യം സാലിബയെ ഒഴിവാക്കിയത് ചർച്ചയായ സാഹചര്യത്തിൽ, ഫോട്ടോ വീണ്ടും എടുക്കുമെന്ന് ആർട്ടെറ്റ സ്ഥിരീകരിച്ചു. നടുവേദനയെത്തുടർന്ന് ചികിത്സയിലായതുകൊണ്ടാണ് സാലിബയ്ക്ക് ഫോട്ടോയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. “മൂന്ന് തവണ ഫോട്ടോ എടുക്കാൻ ഞങ്ങൾ ശ്രമിച്ചതാണ്. ചില വാണിജ്യപരമായ ബാധ്യതകൾ ഉള്ളതിനാൽ നിശ്ചയിച്ച സമയത്ത് തന്നെ ചിത്രം എടുക്കേണ്ടി വന്നു. സാലിബയെ എല്ലാവർക്കും വലിയ ഇഷ്ടമാണ്, ഇക്കാര്യത്തിൽ അദ്ദേഹത്തിന് പരാതികളില്ല,” ആർട്ടെറ്റ വ്യക്തമാക്കി. ലോകകപ്പിന് ശേഷം സാലിബ ഇതുവരെ കളിച്ചിട്ടില്ല.
അതേസമയം, കഴിഞ്ഞ ആഴ്ച ലീഡ്സിനെതിരായ വിജയത്തിന് പിന്നാലെ പരിശീലനത്തിനിടെ കണങ്കാലിന് പരിക്കേറ്റ മാർട്ടിൻ സുബിമെൻഡി നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ മത്സരത്തിൽ കളിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇതേ പരിശീലനത്തിനിടെ പരിക്കേറ്റ പിയറോ ഹിങ്കാപ്പി മത്സരത്തിൽ ഉണ്ടാകില്ല.