സൂപ്പർ ലീഗ് കേരള: തൃശൂരിനെ തകർത്ത് മലപ്പുറം എഫ്സിക്ക് ആദ്യ ജയം
ശനിയാഴ്ച പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള (SLK) മത്സരത്തിൽ പത്ത് പേരുമായി കളിച്ച മലപ്പുറം എഫ്സി ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തൃശൂർ മാജിക് എഫ്സിയെ പരാജയപ്പെടുത്തി. ടൂർണമെന്റിലെ മലപ്പുറത്തിന്റെ ആദ്യ വിജയമാണിത്.
48-ാം മിനിറ്റിൽ ഘാന താരം അബ്ദുൾ സമദിന് ചുവപ്പ് കാർഡ് ലഭിച്ച് പുറത്തുപോയെങ്കിലും, ആത്മവിശ്വാസത്തോടെ കളിച്ച മലപ്പുറം തകർപ്പൻ വിജയം സ്വന്തമാക്കി. സി.കെ. റാഷിദ് (65, 72 മിനിറ്റുകൾ) ഇരട്ട ഗോളുകൾ നേടിയപ്പോൾ, മുഹമ്മദ് മഹ്ദി (76-ാം മിനിറ്റ്), അമാഡു സോക്കോണ (90+7-ാം മിനിറ്റ്) എന്നിവരും ലക്ഷ്യം കണ്ടു.
മൊറോക്കൻ താരം അബ്ദുൽഹയ് എൽഫോഴ്സിയാണ് മലപ്പുറത്തിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്. മധ്യനിരയിൽ കളി മെനഞ്ഞ എൽഫോഴ്സി രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ തൃശൂർ പ്രതിരോധത്തെ മലപ്പുറം വിറപ്പിക്കുകയായിരുന്നു.
64-ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ നിന്നാണ് മലപ്പുറത്തിന്റെ ആദ്യ ഗോളിന്റെ തുടക്കം. എൽഫോഴ്സി ബോക്സിലേക്ക് നൽകിയ പന്ത് അബ്ദുൾ ഹക്കു ഹെഡ് ചെയ്തെങ്കിലും ക്രോസ് ബാറിൽ തട്ടി മടങ്ങി. തുടർന്ന് വന്ന കോർണർ കിക്കിൽ തൃശൂർ പ്രതിരോധത്തിന് പിഴച്ചു. ഈ അവസരം മുതലെടുത്ത് റാഷിദ് പന്ത് വലയിലാക്കി.
72-ാം മിനിറ്റിൽ എൽഫോഴ്സി നൽകിയ മികച്ച പാസ് സ്വീകരിച്ച റാഷിദ് മലപ്പുറത്തിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. തുടർന്ന് വന്ന കൗണ്ടർ അറ്റാക്കിൽ മുഹമ്മദ് ബിലാൽ നൽകിയ പാസ് സ്വീകരിച്ച മഹ്ദി മനോഹരമായ ഫിനിഷിംഗിലൂടെ മൂന്നാം ഗോളും സ്വന്തമാക്കി. ഇഞ്ചുറി ടൈമിൽ എൽഫോഴ്സിയുടെ മറ്റൊരു അസിസ്റ്റിൽ സോക്കോണ ഗോൾ നേടിയതോടെ മലപ്പുറം വിജയം പൂർത്തിയാക്കി.
ആദ്യ പകുതിയിൽ തൃശൂർ പ്രതിരോധം ശക്തമാക്കി മലപ്പുറത്തിന്റെ മുന്നേറ്റങ്ങളെ തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിപ്പിടിച്ചാണ് മലപ്പുറം വിജയം പിടിച്ചെടുത്തത്.
മത്സരഫലം
മലപ്പുറം എഫ്സി 4 (റാഷിദ് 65, 72, മഹ്ദി 76, സോക്കോണ 90+7) – തൃശൂർ മാജിക് എഫ്സി 0.
Published on Oct 17, 2026