ഫ്രഞ്ച് മുന്നേറ്റനിര താരം റേച്ചൽ അഡെഡിനിയെ ടീമിലെത്തിച്ച് ചെൽസി
ഫ്രഞ്ച് മുന്നേറ്റനിര താരമായ റേച്ചൽ അഡെഡിനിയെ സ്ഥിരമായി ടീമിലെത്തിച്ചതായി ചെൽസി ഔദ്യോഗികമായി അറിയിച്ചു. ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ചെൽസി ഇക്കാര്യം വ്യക്തമാക്കിയത്.
17 വയസ്സുകാരിയായ റേച്ചൽ തന്റെ ആദ്യ പ്രൊഫഷണൽ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. 2029 വേനൽക്കാലം വരെ താരം ലണ്ടൻ ക്ലബ്ബായ ചെൽസിയിൽ തുടരും.
ഫ്രാൻസിലെ എഫ്സിഎം ഇൻഗ്രെ, യുഎസ് ഓർലിയൻസ് എന്നീ ക്ലബ്ബുകളിലൂടെയാണ് റേച്ചൽ തന്റെ കരിയർ തുടങ്ങിയത്. 2022-ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ ചേർന്ന താരം, രണ്ട് വർഷത്തിന് ശേഷം മാഞ്ചസ്റ്റർ സിറ്റി അക്കാദമിയിലേക്ക് മാറി. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സീനിയർ ടീമിൽ ഇടംപിടിച്ചെങ്കിലും മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.
അന്താരാഷ്ട്ര തലത്തിൽ ഫ്രാൻസിന്റെ വിവിധ യൂത്ത് ടീമുകളെ റേച്ചൽ പ്രതിനിധീകരിച്ചിട്ടുണ്ട്. അണ്ടർ-19 ടീമിലും താരം കളിച്ചിട്ടുണ്ട്.
ചെൽസിയുമായി പ്രൊഫഷണൽ കരാറിൽ ഒപ്പിട്ട ശേഷം താൻ അതീവ സന്തുഷ്ടയാണെന്ന് റേച്ചൽ പറഞ്ഞു. ദൈവത്തിന് നന്ദി പറയുന്നതായും, ചെൽസിയുടെ വലിയ ആരാധകനായ തന്റെ സഹോദരനുവേണ്ടിയും കുടുംബത്തിന് വേണ്ടിയും ഈ ക്ലബ്ബിനായി കളിക്കുന്നത് വലിയ അഭിമാനമാണെന്നും താരം വ്യക്തമാക്കി.
ചെൽസിയിൽ ഇനി തന്റെ കരിയർ വികസിപ്പിക്കാനാണ് റേച്ചൽ ലക്ഷ്യമിടുന്നത്. ക്ലബ്ബിന്റെ മറ്റ് യുവതാരങ്ങളെ പോലെ റേച്ചലിനെയും ഭാവിയിൽ കൂടുതൽ അനുഭവപരിചയം നേടുന്നതിനായി ലോൺ അടിസ്ഥാനത്തിൽ മറ്റ് ക്ലബ്ബുകളിലേക്ക് അയക്കാൻ സാധ്യതയുണ്ട്.