ടെക്നിക്കൽ ഏരിയയിൽ നിന്ന് പുറത്തിറങ്ങുന്ന പരിശീലകർ ശ്രദ്ധിക്കുക; തെളിവുകളുമായി മിക്കൽ ആർട്ടെറ്റ
പ്രീമിയർ ലീഗിലെ പരിശീലകർ ടെക്നിക്കൽ ഏരിയയിൽ നിന്ന് പുറത്തിറങ്ങുന്ന കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് ആഴ്സണൽ പരിശീലകൻ മിക്കൽ ആർട്ടെറ്റ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടെക്നിക്കൽ ഏരിയയ്ക്ക് പുറത്തുനിൽക്കുന്നതിന്റെ പേരിൽ ആർട്ടെറ്റയ്ക്കെതിരെ വിമർശനങ്ങളുയർന്നിരുന്നു. എന്നാൽ, താൻ മാത്രമാണ് നിയമങ്ങൾ ലംഘിക്കുന്നതെന്ന ധാരണ തെറ്റാണെന്നാണ് ആർട്ടെറ്റയുടെ നിലപാട്.
ശനിയാഴ്ച എവർട്ടനെതിരായ ആഴ്സണലിന്റെ വിജയത്തിനിടെ ഈ സീസണിലെ തന്റെ രണ്ടാമത്തെ മഞ്ഞക്കാർഡ് ലഭിച്ചതിന് പിന്നാലെയാണ് ആർട്ടെറ്റ ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് പരിശീലകർക്ക് നേരെ ഇത്തരം നടപടികൾ ഉണ്ടാകുന്നില്ലെന്ന് തെളിയിക്കുന്ന വലിയൊരു വിവരശേഖരം തന്റെ പക്കലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“ഞാൻ ശ്രദ്ധിക്കേണ്ടതുണ്ട്, പക്ഷേ അവർ അവിടെ സെൻസറുകൾ സ്ഥാപിക്കണം. ലീഗിൽ റെക്കോർഡിട്ട പരിശീലകരുണ്ട്, അവർ 10 മിനിറ്റിനുള്ളിൽ 36 തവണയാണ് ടെക്നിക്കൽ ഏരിയയിൽ നിന്ന് പുറത്തിറങ്ങുന്നത്, എന്നിട്ടും അവർക്ക് മഞ്ഞക്കാർഡ് ലഭിക്കുന്നില്ല,” ആർട്ടെറ്റ പറഞ്ഞു.
“അത്തരം സംഭവങ്ങളുടെ ദൃശ്യങ്ങൾ ഞാൻ ശേഖരിക്കുന്നുണ്ട്. അതിനാൽ ആരെങ്കിലും എന്നോട് ചോദ്യങ്ങൾ ഉന്നയിച്ചാൽ, താനല്ല റെക്കോർഡിട്ടതെന്ന് എനിക്ക് തെളിയിക്കാനാകും. മറ്റാരോ ആണ് ആ റെക്കോർഡ് കൈവശം വെച്ചിരിക്കുന്നത്. അപ്പോൾ 10 മിനിറ്റിനുള്ളിൽ 36 മഞ്ഞക്കാർഡുകൾ നൽകേണ്ടി വരും. ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
ആർട്ടെറ്റയുടെ പക്കലുള്ള ഈ ദൃശ്യങ്ങൾ കൊണ്ട് അദ്ദേഹം എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ചോ, അദ്ദേഹം സൂചിപ്പിക്കുന്ന ആ ‘രഹസ്യ’ പരിശീലകൻ ആരാണെന്നതിനെക്കുറിച്ചോ ഇതുവരെ വ്യക്തതയില്ല. എന്നാൽ, 2025 ഏപ്രിലിൽ ബിബിസി സ്പോർട്സ് നടത്തിയ പഠനമനുസരിച്ച്, നിലവിലെ പ്രീമിയർ ലീഗ് പരിശീലകരിൽ ആസ്റ്റൺ വില്ലയുടെ ഉനായ് എമെറിയാണ് ടെക്നിക്കൽ ഏരിയയിൽ നിന്ന് കൂടുതൽ സമയം പുറത്തുനിൽക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇത് അദ്ദേഹത്തെക്കുറിച്ചാണോ എന്ന സംശയവും ഉയരുന്നുണ്ട്.
എന്തായാലും, കൂടുതൽ കാര്യങ്ങൾ പുറത്തുവരുന്നതുവരെ പ്രീമിയർ ലീഗ് പരിശീലകർ ടെക്നിക്കൽ ഏരിയയിലെ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് വ്യക്തമാണ്, കാരണം ആർട്ടെറ്റയുടെ കർശന നിരീക്ഷണം അവർക്കു മേലെയുണ്ട്.