കൊൽക്കത്ത: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ആരാധകർക്ക് പ്രത്യേക സമ്മാനവുമായി ഐ.എസ്.എൽ ക്ലബ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്. ഒഡിഷ എഫ്.സിക്കെതിരായ അടുത്ത ഹോം മത്സരത്തിന് ഓരോ ആരാധകനും രണ്ട് സൗജന്യ ജനറൽ ടിക്കറ്റുകൾ വീതം നൽകുമെന്ന് ക്ലബ് പ്രഖ്യാപിച്ചു. ആരാധകരോടുള്ള നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ക്ലബ് അറിയിച്ചു.
നവംബർ അഞ്ചിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മോഹൻ ബഗാനും ഒഡിഷ എഫ്.സിയും തമ്മിലുള്ള മത്സരം. അന്താരാഷ്ട്ര ഇടവേളക്ക് മുമ്പ് ഇരു ടീമുകളും കളിക്കുന്ന അവസാന മത്സരമാണിത്.
ദീപാവലി സന്തോഷം പങ്കുവെക്കാനും ആഘോഷങ്ങളെ കൂടുതൽ മനോഹരമാക്കാനുമാണ് ആരാധകർക്ക് സൗജന്യ ടിക്കറ്റുകൾ നൽകുന്നതെന്ന് മോഹൻ ബഗാൻ ചെയർമാൻ സഞ്ജീവ് ഗോയങ്ക പ്രസ്താവനയിൽ പറഞ്ഞു. ഓരോ അവസരവും സവിശേഷമാക്കുന്ന ബന്ധങ്ങൾ ആഘോഷിക്കാനും സന്തോഷം പങ്കുവെക്കാനുമുള്ള സമയമാണ് ദീപാവലി. ഈ ആഘോഷവേളയിൽ തങ്ങളുടെ പ്രിയപ്പെട്ട ആരാധകരിലേക്ക് ആ സന്തോഷം കുറച്ചുകൂടി അടുപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരാധകരോടുള്ള നന്ദിസൂചകമായി ഒഡിഷ എഫ്.സിക്കെതിരായ ഹോം മത്സരത്തിലേക്ക് ഓരോരുത്തർക്കും രണ്ട് സൗജന്യ ജനറൽ ടിക്കറ്റുകൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഐ.എസ്.എൽ പോയന്റ് പട്ടികയിൽ മോഹൻ ബഗാനാണ് ഒന്നാമത്. നാല് മത്സരങ്ങളിൽനിന്ന് ഒമ്പത് പോയന്റാണ് ടീമിനുള്ളത്. ഒരു മത്സരം കുറച്ചുകളിച്ച ഒഡിഷ എഫ്.സി രണ്ട് പോയന്റുമായി പത്താം സ്ഥാനത്താണ്.
മത്സരത്തിന് മുന്നോടിയായി പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ മോഹൻ ബഗാന് വിജയത്തുടർച്ച നിലനിർത്താനാകും ലക്ഷ്യം. അതേസമയം, പോയന്റ് പട്ടികയിൽ പത്തം സ്ഥാനത്തുള്ള ഒഡിഷ എഫ്.സിക്ക് ശക്തരായ എതിരാളികൾക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ആരാധകർക്ക് സൗജന്യ ടിക്കറ്റുകൾ നൽകാനുള്ള ക്ലബിന്റെ പ്രഖ്യാപനം മത്സരത്തിന് കൂടുതൽ ആവേശം പകരുമെന്നാണ് പ്രതീക്ഷ. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കാനും ഈ നീക്കം സഹായിച്ചേക്കും.
Disclaimer: Some of the football news content displayed on this website is automatically syndicated from Madhyamam Football. We do not claim ownership of these syndicated stories, and all rights remain with the original publisher. For full and original coverage, please visit Madhyamam.