Football

സൂപ്പർ ലീഗ് കേരള: മലപ്പുറം എഫ്.സിയെ 6-2ന് കശക്കി കാലിക്കറ്റ് എഫ്.സി | Calicut FC Thrash Malappuram FC

മഞ്ചേരി: കാലിക്കറ്റിനെ കീഴടക്കാനുള്ള മലപ്പുറത്തിന്റെ മോഹം തുടരും. കേരളപ്പിറവി ദിനത്തിൽ മലപ്പുറം എഫ്.സിയെ 6-2ന് മലർത്തിയടിച്ച് കാലിക്കറ്റ് എഫ്.സി സൂപ്പർ ലീഗ് കേരള മലബാർ ഡെർബിയിൽ തങ്ങളുടെ ജൈത്രയായ തുടർന്നു. ഹോം ഗ്രൗണ്ടിൽ ഹാട്രിക് വിജയം തേടി ഇറങ്ങിയ ആതിഥേയർക്ക് ഫലം നിരാശ. ആദ്യപകുതിയുടെ അവസാന അഞ്ച് മിനിറ്റിലാണ് മലപ്പുറത്തിന്റെ മുനയൊടിച്ചത്. കാലിക്കറ്റിനായി കാൽവിൻ തോമസ് (40), അലക്സിസ് സോസ (42), ലിയോ ഡേവിഡ് (45, 73), ഫെഡറികോ ബോസോ (46, 78) എന്നിവർ ഗോൾ നേടി. ക്യാപ്റ്റൻ സൊക്കൂനയും (47) നദീം ഹാദ്സിച്ചും (90) മലപ്പുറത്തിന്റെ ആശ്വാസം കണ്ടെത്തി.

നാല് മാറ്റങ്ങളുമായി 4-3 -3 ശൈലിയിലാണ് കോച്ച് കരീം ബെഞ്ചറിഫ മലബാർ ഡെർബിക്കായി ടീമിനെ വിന്യസിച്ചത്. കഴിഞ്ഞ ദിവസം ടീമിലെത്തിയ ഗോൾ കീപ്പർ ധീരജ് സിങ് ഗോൾ വല കാക്കാനെത്തി. മഷ്ഹൂർ ഷരീഫ്, ബോസ്നിയ താരം നദീം, മുഹമ്മദ് സാലിം, മുഹമ്മദ് അർബാസ് എന്നിവർക്ക് പകരക്കാരായി നിധിൻ കൃഷ്ണ, ഡാനിയൽ ലാലിംപുയ, അബ്ദുൽ സമദ് എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. മുന്നേറ്റത്തിൽ നാല് പേരെ അണിനിരത്തി ആക്രമണ ലക്ഷ്യത്തോടെയാണ് കാലിക്കറ്റ് എവേ മത്സരത്തിൽ പന്ത് തട്ടാനിറങ്ങിയത്. അർജൻറീന താരങ്ങളായ അലക്സിസ് സോസ, ഫെഡറികോ ബോസോ, ബ്രസീലിയൻ താരം ലിയോ എന്നിവരായിരുന്നു കാലിക്കറ്റിൻ്റെ കരുത്ത്.

ഡബിൾ എഞ്ചിൻ

ആദ്യ മിനിറ്റിൽ തന്നെ ആതിഥേയരുടെ ആക്രമണം. എൽഫോഴ്‌സി നൽകി പന്തുമായി മുന്നേറിയ ബിലാൽ നൽകിയ ക്രോസ് ലാലിംപൂയ പോസ്റ്റിലേക്ക് ലക്ഷ്യം വച്ചെങ്കിലും കാലിക്കറ്റ് പ്രതിരോധം രക്ഷപ്പെടുത്തി. വൺ ടച്ച് പാസുകളുമായി മലപ്പുറം പതിയെ കളം പിടിച്ചു. സൊക്കൂന – എൽഫോഴ്സി- റാഷിദ് ത്രയം മലപ്പുറത്തിൻ്റെ ആക്രമണങ്ങളെ പട നയിച്ചു. 19-ാം മിനിറ്റിൽ മലപ്പുറത്തിന് അനുകൂലമായ ഫ്രീ കിക്ക്. ബോക്സിന് പുറത്ത് നിന്നും എൽൽഫോഴ്സി സൊക്കൂനക്ക് നീട്ടി നൽകിയെങ്കിലും ഷോട്ട് താളംതെറ്റി. 31-ാം മിനിറ്റിൽ കാലിക്കറ്റ് മത്സരത്തിലെ ആദ്യ മാറ്റം വരുത്തി. പരിക്കേറ്റ മനോജിന് പകരം അജിൻ കളത്തിലെത്തി. 37-ാം മിനിറ്റിൽ മലപ്പുറം മുന്നിലെത്തി എന്ന് തോന്നിച്ച നിമിഷം. മൈതാനത്തിൻ്റെ മധ്യഭാഗത്ത് നിന്നും എൽഫോഴ്സിസിയുടെ ത്രൂ പാസ്. ലാലിംപൂയ ബോക്സിൽ നിന്നും പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഡൈവിങ്ങ് ടാക്ലിംഗിങ്ങിലൂടെ അൻകിത്ത് രക്ഷപ്പെടുത്തി.

മത്സരത്തിന്റെ ഒഴുക്കിന് വിപരീതമായി 40-ാം മിനിറ്റിൽ മലപ്പുറത്തിനായി ആർത്തു വിളിച്ച ഗാലറിയെ നിശബ്ദമാക്കി കാലിക്കറ്റ് മുന്നിലെത്തി. മലപ്പുറത്തിൻ്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത കാലിക്കറ്റ് താരം കാൽവിൻ ഗോൾ കീപ്പർ ധീരജിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു ( 1-0). തൊടുത്ത മിനിറ്റിൽ കാൽവിൻ എടുത്ത കോർണറിൽ നിന്നും അനായാസം തല വെച്ച് അലക്സിസ് സോസ കാലിക്കറ്റിൻ്റെ ഗോൾ നേട്ടം രണ്ടാക്കി (2-0). അവിടം കൊണ്ടും നിർത്തിയില്ല. 45-ാം മിനിറ്റിൽ വലതു വിങ്ങിൽ ഫെഡറി കോ ബോസോ നൽകിയ ക്രോസ് ബ്രസീലിയൻ താരം ലിയോ വലയിലേക്ക് അടിച്ചു കയറ്റി (3-0).

രണ്ടാം പകുതിയിൽ മൂന്ന് മാറ്റങ്ങളുമായി ഇറങ്ങിയ മലപ്പുറത്തിന് കളം പിടിക്കാൻ പോലും കാലിക്കറ്റ് അവസരം നൽകിയില്ല. 46-ാം മിനിറ്റിൽ നാലാം ഗോളും നേടി കാലിക്കറ്റ് കഥ കഴിച്ചു. ഇത്തവണ ഫെഡറികോ ബോസോയാണ് വല കുലുക്കിയത്. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ഒരു ഗോളടിച്ച് ക്യാപ്റ്റൻ സൊക്കൂന മലപ്പുറത്തിന് ജീവൻ നൽകി (4-1). 73-ാം മിനിറ്റിൽ മഴവില്ല് പോലെ വളച്ച് ലിയോ ഡേവിഡ് തൻ്റെ രണ്ടാം ഗോളും ടീമിൻ്റെ അഞ്ചാം ഗോളും നേടി. 79-ാം മിനിറ്റിൽ ഫെഡറിക്കോ ബോസോ മലപ്പുറത്തിൻ്റെ വലയിൽ അവസാന ആണിയടിച്ചു. 90-ാംമിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഹാദ്സിച്ച് ടീമിന്റെ രണ്ടാം ഗോൾ നേടി


Disclaimer: Some of the football news content displayed on this website is automatically syndicated from Madhyamam Football. We do not claim ownership of these syndicated stories, and all rights remain with the original publisher. For full and original coverage, please visit Madhyamam.

zidane

zidane

Senior Football Editor & Tactical Contributor at FootemAssist.