മേസൺ ഗ്രീൻവുഡ് ഫെനർബാഷെയിലേക്ക്; ട്രാൻസ്ഫർ നടപടികൾ അന്തിമഘട്ടത്തിൽ
ഒളിമ്പിക് ഡി മാർസെയിൽ വിട്ട് മേസൺ ഗ്രീൻവുഡ് ഫെനർബാഷെയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു. പ്രമുഖ ഫുട്ബോൾ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനൊ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ താരങ്ങളെ വിൽക്കേണ്ടത് മാർസെയിൽസിന് അനിവാര്യമായിരുന്നു. ക്ലബ്ബിന്റെ ഏറ്റവും വിപണി മൂല്യമുള്ള താരമെന്ന നിലയിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ താരമായ ഗ്രീൻവുഡിനെ വിൽക്കാനായിരുന്നു ക്ലബ്ബിന്റെ തീരുമാനം.
അത്ലറ്റിക്കോ മാഡ്രിഡ് പിന്മാറി
ഫെനർബാഷെയും അത്ലറ്റിക്കോ മാഡ്രിഡും ഗ്രീൻവുഡിനെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നു. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡ് ഗ്രീൻവുഡിനെ ടീമിലെത്തിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നതായി ‘ലെക്കിപ്പ്’ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, താരത്തിന്റെ പെരുമാറ്റത്തിലെ അവഗണന അത്ലറ്റിക്കോ മാഡ്രിഡിനെ ചൊടിപ്പിച്ചു. താൻ അത്ലറ്റിക്കോയിലേക്ക് വരാൻ താല്പര്യപ്പെടുന്നുവെന്ന് സഹതാരങ്ങളോട് പറഞ്ഞ ഗ്രീൻവുഡ്, പരിശീലകൻ ഡിയാഗോ സിമിയോണിയുടെ സന്ദേശത്തിന് മറുപടി നൽകാൻ രണ്ട് ദിവസമെടുത്തു. ഇതോടെ സ്പാനിഷ് ക്ലബ്ബ് ട്രാൻസ്ഫർ നീക്കങ്ങളിൽ നിന്ന് പിന്മാറുകയായിരുന്നു.
ഇതോടെയാണ് ഗ്രീൻവുഡ് ഫെനർബാഷെയിലേക്ക് ചേക്കേറുന്നത്. 40 ദശലക്ഷം യൂറോയും ബോണസായി 2 ദശലക്ഷം യൂറോയുമാണ് ട്രാൻസ്ഫർ തുക. സെൽ-ഓൺ ക്ലോസ് പ്രകാരം 10 ദശലക്ഷം യൂറോ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കും. പ്രതിവർഷം 10 ദശലക്ഷം യൂറോ ശമ്പളത്തിൽ നാല് വർഷത്തേക്കാണ് ഗ്രീൻവുഡ് ഫെനർബാഷെയുമായി കരാർ ഒപ്പിടുന്നത്.
