Football News In Malayalam

ക്രിസ്റ്റൽ പാലസ് വിട്ട് ബ്രാഡി; കരാർ അവസാനിപ്പിച്ചു

ബാർക്ലേസ് വനിതാ സൂപ്പർ ലീഗിലേക്ക് പ്രൊമോഷൻ നേടിയതിന് പിന്നാലെ ക്രിസ്റ്റൽ പാലസ് വിട്ട് കെല്ലി ബ്രാഡി

ബാർക്ലേസ് വനിതാ സൂപ്പർ ലീഗിലേക്കുള്ള (Barclays Women’s Super League) ക്രിസ്റ്റൽ പാലസിന്റെ പ്രൊമോഷന് പിന്നാലെ, ഫോർവേഡ് കെല്ലി ബ്രാഡി ക്ലബ്ബ് വിട്ടു. ഇക്കാര്യം ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അധികൃതർ ഇന്ന് അറിയിച്ചത്.

ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലാണ് 24-കാരിയായ അമേരിക്കൻ താരം ക്രിസ്റ്റൽ പാലസിൽ ചേർന്നത്. ഐറിഷ് ക്ലബ്ബായ അത്‌ലോൺ ടൗണിൽ നിന്നാണ് താരം എത്തിയത്. സെൽഹർസ്റ്റ് പാർക്കിൽ 18 മാസത്തെ കരാറിലായിരുന്നു ബ്രാഡി ഒപ്പുവെച്ചിരുന്നത്. ക്രിസ്റ്റൽ പാലസിനെ ബാർക്ലേസ് വനിതാ സൂപ്പർ ലീഗിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബ്രാഡി, ഇപ്പോൾ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്.

കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ രണ്ട് മത്സരങ്ങളിലാണ് താരം ക്രിസ്റ്റൽ പാലസിനായി ബൂട്ടണിഞ്ഞത്. ജനുവരിയിൽ ഡർഹാമിനെതിരായ 4-0 വിജയത്തിൽ പകരക്കാരിയായാണ് ബ്രാഡി അരങ്ങേറ്റം കുറിച്ചത്. സീസണിലെ നിർണായകമായ പോർട്സ്മൗത്തിനെതിരായ മത്സരത്തിന്റെ അവസാന മിനിറ്റുകളിലും താരം കളത്തിലിറങ്ങി. 6-1 എന്ന സ്കോറിന് വിജയിച്ച ക്രിസ്റ്റൽ പാലസ് ഈ മത്സരത്തോടെയാണ് സൂപ്പർ ലീഗിലേക്ക് യോഗ്യത നേടിയത്.

താരത്തിന്റെ അടുത്ത നീക്കം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അമേരിക്കയിലെ കോളേജ് ഫുട്ബോൾ കരിയറിലും, റിപ്പബ്ലിക് ഓഫ് അയർലൻഡിൽ അത്‌ലോൺ ടൗണിനൊപ്പമുള്ള സീനിയർ കരിയറിലും മികച്ച ഗോൾവേട്ടക്കാരിയായിരുന്നു ബ്രാഡി. മികച്ച കഴിവുള്ള താരത്തിന് തിളക്കമാർന്ന ഫുട്ബോൾ ഭാവിയാണുള്ളത്.


zidane

zidane

Senior Editor and Contributor at FootemAssist.