ലോകകപ്പ് ഫൈനൽ: ട്രോഫി വിതരണ വേദിയിൽ സാന്നിധ്യവുമായി ഡൊണാൾഡ് ട്രംപ്
ലോകകപ്പ് ഫൈനലിൽ സ്പെയിൻ അർജന്റീനയെ പരാജയപ്പെടുത്തിയതിന് പിന്നാലെ നടന്ന ട്രോഫി വിതരണ ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യം ശ്രദ്ധേയമായി. എന്നാൽ, സ്റ്റേഡിയത്തിലെത്തിയ കാണികൾക്കിടയിൽ നിന്ന് അദ്ദേഹത്തിന് വലിയ സ്വീകരണമല്ല ലഭിച്ചത്.
മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്‌ക്കൊപ്പം ട്രംപ് സ്റ്റേഡിയത്തിലെത്തി. തുരങ്കപാതയിലൂടെ പുറത്തുവന്ന് താൽക്കാലിക വേദിയിലേക്ക് നടന്നുനീങ്ങിയ ട്രംപിനെതിരെ കാണികൾ കൂവലുകൾ മുഴക്കി.
മൂന്ന് ആതിഥേയ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ട്രംപിനൊപ്പം മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരും വേദിയിലെത്തിയിരുന്നു. മറ്റ് നേതാക്കൾ ട്രോഫികൾ കൈമാറിയപ്പോൾ, ട്രംപ് കളിക്കാർക്ക് മെഡലുകൾ അണിയിക്കുകയായിരുന്നു.
ട്രോഫി വിതരണ ചടങ്ങിൽ ട്രംപ് പങ്കെടുക്കുമെന്ന് കഴിഞ്ഞ മാസം തന്നെ സ്ഥിരീകരിച്ചിരുന്നു. ഫൈനൽ മത്സരം ആസ്വദിക്കുമെന്നും ജേതാക്കൾക്ക് ട്രോഫി നൽകുമെന്നും ഇൻഫാന്റിനോ നേരത്തെ വ്യക്തമാക്കിയിരുന്നു.
അഡ്വർടൈസ്‌മെന്റ്
ഔദ്യോഗികമായി ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോയാണ് സ്പെയിൻ നായകൻ റോഡ്രിക്ക് ട്രോഫി കൈമാറിയത്. എങ്കിലും, ആതിഥേയ രാജ്യങ്ങളിലെ മൂന്ന് നേതാക്കളിൽ ട്രംപ് മാത്രമാണ് ട്രോഫി കൈമാറുന്ന സമയത്ത് വേദിയിൽ സന്നിഹിതനായിരുന്നത്.
കഴിഞ്ഞ വേനൽക്കാലത്ത് നടന്ന ക്ലബ് ലോകകപ്പിലും ട്രംപ് സമാനമായ രീതിയിൽ ട്രോഫി വിതരണത്തിൽ പങ്കാളിയായിരുന്നു. അന്ന് ചെൽസി ടീം കിരീടം ഉയർത്തുമ്പോൾ ട്രംപ് വേദിയിൽ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.
ഇൻഫാന്റിനോയുമായുള്ള ട്രംപിന്റെ സൗഹൃദവും ഫിഫ പ്രസിഡന്റിലുളള അദ്ദേഹത്തിന്റെ സ്വാധീനവും വിവിധ കോണുകളിൽ നിന്ന് വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. യുഎസ് സോക്കർ അധികൃതരും മറ്റ് രാജ്യങ്ങളും ഇതിനെതിരെ രംഗത്തുവന്നിരുന്നു. യുഎസ്‌എംഎൻടി സ്‌ട്രൈക്കർ ഫോളറിൻ ബലോഗുന്റെ സസ്‌പെൻഷൻ നീക്കിയതിൽ ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ റൗണ്ട് ഓഫ് 16-ൽ യുഎസ് ടീമിനെതിരെ ബെൽജിയം വിജയിച്ചപ്പോൾ, ട്രംപിനെയും ടീമിനെയും പരിഹസിച്ച് ബെൽജിയം രംഗത്തെത്തുകയും ചെയ്തിരുന്നു.
