തായ്‌ലൻഡിൽ ഫുട്ബോൾ ഗ്രൗണ്ടിൽ അപകടം; പിച്ച റോളർ കാലിലൂടെ കയറി മുൻ ഇംഗ്ലണ്ട് താരം ആൻഡ്രോസ് ടൗൺസെൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുൻ ഇംഗ്ലണ്ട് വിങ്ങർ ആൻഡ്രോസ് ടൗൺസെൻഡ് തായ്‌ലൻഡിൽ വെച്ച് നേരിട്ട ഒരു വിചിത്രമായ അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. തായ് ലീഗ് വണ്ണിൽ പി.ടി പ്രാചുവാപ്പിന് വേണ്ടി കളിക്കുന്ന 35-കാരനായ ടൗൺസെൻഡിന്റെ കാലിലൂടെ ഗ്രൗണ്ട് നിരപ്പാക്കുന്ന പിച്ച റോളർ കയറുകയായിരുന്നു.
ടോട്ടനം, ലൂട്ടൺ, ക്രിസ്റ്റൽ പാലസ് എന്നീ മുൻനിര ക്ലബ്ബുകളിൽ കളിച്ചിട്ടുള്ള താരം, ശനിയാഴ്ച പട്ടാനിയിൽ നടന്ന മത്സരത്തിന് മുന്നോടിയായി വാമപ്പിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഗ്രൗണ്ട് ജീവനക്കാരന് നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഭാരമുള്ള പിച്ച റോളർ ടൗൺസെൻഡിന്റെ നേരെ വരികയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ താരത്തിന്റെ ഇടതുകാൽ റോളറിനടിയിൽ കുടുങ്ങിയെങ്കിലും പരിക്കുകളൊന്നുമില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. പിന്നീട് പകരക്കാരനായി ഇറങ്ങിയ ടൗൺസെൻഡ് ഉൾപ്പെട്ട മത്സരം പി.ടി പ്രാചുവാപ്പ് 3-0 എന്ന സ്കോറിന് വിജയിക്കുകയും ചെയ്തു.
ഇംഗ്ലണ്ടിനായി 13 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം ഇൻസ്റ്റാഗ്രാമിലൂടെ ഈ സംഭവത്തെ തമാശരൂപേണയാണ് നേരിട്ടത്. നേരത്തെ തായ്‌ലൻഡിലെ മത്സരയാത്രകളെ സ്റ്റോക്ക് സിറ്റിയുടെ ബെറ്റ്365 സ്റ്റേഡിയത്തിലെ സന്ദർശനങ്ങളുമായി താരം താരതമ്യം ചെയ്തിരുന്നു. ഇതിനെ സൂചിപ്പിച്ചുകൊണ്ട് താരം ഇങ്ങനെ കുറിച്ചു: “സ്റ്റോക്കിലേക്കുള്ള യാത്രയേക്കാൾ മോശമൊന്നുമല്ല ഇതെന്നാണ് ഇപ്പോൾ തോന്നുന്നത്. എന്തുകൊണ്ടാണിതെന്ന് അറിയാൻ സ്വൈപ്പ് ചെയ്യൂ.”
