ഐഎസ്എൽ: ഒഡീഷ എഫ്‌സിയിൽ യുവതാരം ആശിർ സലീം; കരാർ ഒപ്പിട്ടു
വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസണിന് മുന്നോടിയായി ഖത്തറിൽ ജനിച്ച ഇന്ത്യൻ വംശജനായ ആശിർ സലീമിനെ ഒഡീഷ എഫ്‌സി സ്വന്തമാക്കി. ശനിയാഴ്ച ക്ലബ്ബ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
20 വയസ്സുകാരനായ താരം രണ്ട് വർഷത്തെ കരാറിലാണ് ഒഡീഷ എഫ്‌സിയിൽ ചേർന്നത്. 2026-27 സീസണിൽ ഗിയോർഗി അബുർജാനിയ, പുയിറ്റ, ഹിതേഷ് ശർമ്മ, കെ. ലാൽറിൻഫേല എന്നിവർ ഉൾപ്പെടുന്ന ക്ലബ്ബിന്റെ മിഡ്‌ഫീൽഡ് നിരയ്ക്ക് ആശിറിന്റെ വരവ് കൂടുതൽ കരുത്ത് പകരും.
ഖത്തറിലെ ദോഹയിൽ ജനിച്ച ആശിർ, അൽ-സൈലിയ എസ്‌സിയുടെ യൂത്ത് സിസ്റ്റത്തിലൂടെയാണ് വളർന്നുവന്നത്. ക്ലബ്ബിന്റെ വിവിധ ഏജ്-ഗ്രൂപ്പ് ടീമുകളിലും ഒളിമ്പിക് സെറ്റപ്പിലും കളിച്ച ശേഷം ഖത്തർ ക്ലബ്ബിനൊപ്പം സീനിയർ തലത്തിലും താരം പ്രവർത്തിപരിചയം നേടിയിട്ടുണ്ട്. ഇതിനുശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് ചേക്കേറുന്നത്.
“ഒഡീഷ എഫ്‌സിയിൽ ചേരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. എന്റെ കരിയറിലെ ഈ പുതിയ അധ്യായത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ എന്റെ ആദ്യത്തെ അനുഭവമാണിത്, അതുകൊണ്ട് തന്നെ ഇതൊരു മികച്ച അവസരമായി കാണുന്നു. ടീമിനും ആരാധകർക്കും വേണ്ടി കഠിനാധ്വാനം ചെയ്യാനും മികച്ച പ്രകടനം കാഴ്ചവെക്കാനും ഞാൻ ആഗ്രഹിക്കുന്നു,” ആശിർ പറഞ്ഞു.
2023-ൽ സൂപ്പർ കപ്പ് ജേതാക്കളാകുകയും തൊട്ടടുത്ത വർഷം ഫൈനലിലെത്തുകയും ചെയ്ത ഒഡീഷ എഫ്‌സി, കഴിഞ്ഞ സീസണിലെ റെഗുലർ ക്യാമ്പെയ്‌നിൽ പോയിന്റ് പട്ടികയിൽ അവസാന നാലിലൊന്നിലായിരുന്നു ഫിനിഷ് ചെയ്തത്. മുൻ ഹൈദരാബാദ് എഫ്‌സി പരിശീലകൻ ടി.ജി. പുരുഷോത്തമന്റെ കീഴിൽ ടീമിൽ വലിയ അഴിച്ചുപണികൾക്കാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
2026-27 സീസണിനായി അബുർജാനിയ, നന്ദശേഖർ, നിഹാൽ സുധീഷ്, ഗോൾകീപ്പർ സച്ചിൻ സുരേഷ് എന്നിവരെ ടീമിലെത്തിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ആശിർ സലീമിനെയും ഒഡീഷ എഫ്‌സി സ്വന്തമാക്കിയിരിക്കുന്നത്.
Published on Sep 12, 2026
