റഗ്ബി റഫറിയോട് മോശമായി പെരുമാറി; അർജന്റീന താരം ടോമാസ് അൽബോർനോസിന് നാല് മത്സരങ്ങളിൽ വിലക്ക്
അർജന്റീന റഗ്ബി താരം ടോമാസ് അൽബോർനോസിന് നാല് മത്സരങ്ങളിൽ വിലക്ക്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ തോറ്റതിന് പിന്നാലെ റഫറി ആംഗസ് ഗാർഡ്നറോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് നടപടി.
സാന്റിയാഗോ ഡെൽ എസ്റ്റെറോയിൽ നടന്ന മത്സരത്തിന്റെ അവസാന മിനിറ്റിൽ അർജന്റീനയ്ക്ക് ലഭിക്കുമായിരുന്ന നിർണായകമായ മത്സരം സമനിലയിലാക്കാൻ സഹായിക്കുന്ന ട്രൈ റഫറി ആംഗസ് ഗാർഡ്നറും ടെലിവിഷൻ മാച്ച് ഒഫീഷ്യൽ ബ്രെറ്റ് ക്രോണനും ചേർന്ന് നിഷേധിച്ചിരുന്നു. ഇതിനെ തുടർന്നാണ് അൽബോർനോസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
മത്സരശേഷം ഓസ്‌ട്രേലിയൻ ഒഫീഷ്യലായ ഗാർഡ്നറുടെ അടുത്തേക്ക് രണ്ടുതവണ ഓടിയെത്തിയ അൽബോർനോസിനെ സഹതാരങ്ങൾ ചേർന്ന് തടയുകയായിരുന്നു.
തന്റെ പെരുമാറ്റം ഭീഷണിപ്പെടുത്തുന്നതായിരുന്നുവെന്ന് 28-കാരനായ താരം സമ്മതിച്ചു. എന്നാൽ, താൻ മോശമായ വാക്കുകൾ ഉപയോഗിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വാദം വേൾഡ് റഗ്ബിയും അച്ചടക്ക സമിതിയും അംഗീകരിച്ചു.
ഇതിനെത്തുടർന്നാണ് താരത്തിന് നാല് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയത്. ബ്യൂണസ് ഐറിസിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ഈ വാരാന്ത്യത്തിലെ മത്സരം ഉൾപ്പെടെയുള്ളവയിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല.
ഓഗസ്റ്റ് 29, സെപ്റ്റംബർ 5 തീയതികളിൽ ഓസ്ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിലും, ടൂലോണിന്റെ ടോപ്പ് 14 ഓപ്പണർ മത്സരത്തിൽ ലാ റോഷെല്ലിനെതിരേയും അൽബോർനോസിന് പുറത്തിരിക്കേണ്ടി വരും.
