Football

ആഴ്സണൽ ജഴ്സി സ്പോൺസർഷിപ്പ് കരാർ 2033 വരെ നീട്ടി

എമിറേറ്റ്‌സുമായുള്ള പങ്കാളിത്തം നീട്ടി ആഴ്‌സണൽ; കരാർ 2033 വരെ

Photo via Arsenal.com

ആഴ്‌സണൽ തങ്ങളുടെ ദീർഘകാല പങ്കാളിയായ എമിറേറ്റ്‌സുമായുള്ള കരാർ പുതുക്കി. ഷർട്ട് സ്‌പോൺസർഷിപ്പ്, ട്രെയിനിംഗ് കിറ്റ് സ്‌പോൺസർഷിപ്പ്, ക്ലബ്ബിന്റെ സ്റ്റേഡിയത്തിന്റെ നാമകരണാവകാശം എന്നിവ ഉൾപ്പെടെ 2033 വരെ നീളുന്ന പുതിയ കരാറിലാണ് ഇരുപക്ഷവും ഒപ്പുവെച്ചിരിക്കുന്നത്.

ആഴ്‌സണൽ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ജൂലിയറ്റ് സ്ലോട്ട് കരാറിനെക്കുറിച്ച് പ്രതികരിച്ചു: “എമിറേറ്റ്‌സുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ലോക കായിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. പരമ്പരാഗതമായ ബന്ധങ്ങൾക്കപ്പുറം ആരാധകരെ ക്ലബ്ബുമായി കൂടുതൽ അടുപ്പിക്കുന്ന അനുഭവങ്ങൾ സൃഷ്ടിക്കാനാണ് ഞങ്ങൾ എപ്പോഴും ശ്രമിക്കുന്നത്. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പരസ്പര വിശ്വാസത്തിന്റെയും ലക്ഷ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ ബന്ധം കരുത്താർജ്ജിച്ചത്. ക്ലബ്ബിന്റെ ഈ പുതിയ കാലഘട്ടത്തിലും ഒരുമിച്ച് ചരിത്രം രചിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

Photo via Arsenal.com

നേരത്തെ റിപ്പോർട്ട് ചെയ്തതിനേക്കാൾ ഒരു വർഷം അധികം നീണ്ടുനിൽക്കുന്നതാണ് പുതിയ കരാർ. അടുത്ത രണ്ട് സീസണുകളിൽ 65 മില്യൺ പൗണ്ട് ആഴ്‌സണലിന് ലഭിക്കുമെന്നാണ് വിവരം. നിലവിലുള്ള കരാർ 2028-ൽ അവസാനിക്കേണ്ടതായിരുന്നു. അതിനുശേഷം സീസണിൽ 75 മില്യൺ പൗണ്ട് വീതം ലഭിക്കും. കൂടാതെ, ചാമ്പ്യൻസ് ലീഗ് അല്ലെങ്കിൽ പ്രീമിയർ ലീഗ് കിരീടം നേടുന്ന സാഹചര്യത്തിൽ 10 മുതൽ 15 മില്യൺ പൗണ്ട് വരെ ബോണസായും ലഭിക്കും.

ക്ലബ്ബിൽ നിന്ന് പടിയിറങ്ങുന്ന സി.സി.ഒ ജൂലിയറ്റ് സ്ലോട്ട് തന്നെയാണ് ഈ കരാർ നീട്ടുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്. സ്ലോട്ട് ഈ വർഷാവസാനം ക്ലബ്ബ് വിടും.

Photo by Clive Mason/Getty Images

കഴിഞ്ഞ 20 വർഷമായി ആഴ്‌സണലിന്റെ സ്‌പോൺസറാണ് എമിറേറ്റ്‌സ്. പുതിയ കരാറിലൂടെ ഈ പങ്കാളിത്തം 27 വർഷമായി നീളും. 2012-ൽ സ്റ്റേഡിയം നാമകരണാവകാശവും 2023-ൽ കിറ്റ് കരാറും ഒപ്പുവെച്ചിരുന്നുവെങ്കിലും ഇവ രണ്ടും രണ്ട് വർഷത്തിനുള്ളിൽ അവസാനിക്കാനിരിക്കുകയായിരുന്നു. അതിനാൽ ഇവ രണ്ടും വീണ്ടും ചർച്ച ചെയ്ത് പുതുക്കുകയായിരുന്നു. കരാർ പുതുക്കിയതോടെ ഇനി മൈതാനത്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിനായി ഈ തുക എങ്ങനെ വിനിയോഗിക്കണമെന്നതിലാണ് ആഴ്‌സണൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Photo by Justin Setterfield/Getty Images


zidane

zidane

Senior Editor and Contributor at FootemAssist.