ബാഴ്‌സലോണയുടെ ഫസ്റ്റ് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് അൽവാരോ കോർട്ടെസ്
പ്രീ-സീസൺ മത്സരത്തിൽ ബിർമിങ്ഹാം സിറ്റിക്കെതിരായ മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞെങ്കിലും, പെനാൽറ്റി ഷൂട്ടൗട്ടിൽ ബാഴ്‌സലോണ പരാജയപ്പെട്ടു. പ്രധാന ടീമിലെ ഭൂരിഭാഗം താരങ്ങളുടെയും അഭാവത്തിൽ യുവതാരങ്ങളെ അണിനിരത്തിയാണ് പരിശീലകൻ ഹാൻസി ഫ്ലിക്ക് ടീമിനെ ഇറക്കിയത്. ഈ മത്സരത്തിൽ മികച്ച പ്രകടനമാണ് പല യുവതാരങ്ങളും കാഴ്ചവെച്ചത്.
ഇവരിൽ ജെറാർഡ് മാർട്ടിന് പകരക്കാരനായി രണ്ടാം പകുതിയിൽ ഇറങ്ങിയ അൽവാരോ കോർട്ടെസ് ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ അലാവസിനെതിരെ ഹാൻസി ഫ്ലിക്കിന് കീഴിൽ അരങ്ങേറ്റം കുറിച്ച ഈ സ്പെയിൻ താരം, ഇപ്പോൾ ഫസ്റ്റ് ടീമിലേക്ക് പൂർണ്ണമായും തയ്യാറാണെന്ന് തെളിയിക്കുകയാണ്.
ഫസ്റ്റ് ടീം ലക്ഷ്യമാക്കി കോർട്ടെസ്
ഫ്ലിക്കിന്റെ നിരീക്ഷണത്തിലുള്ള കോർട്ടെസ് തന്റെ ഭാവി പദ്ധതികളെക്കുറിച്ച് വ്യക്തമാക്കി. താൻ ഹാൻസി ഫ്ലിക്കിന്റെ ഫസ്റ്റ് ടീമിൽ സ്ഥിരപ്രതിഷ്ഠ നേടാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം ‘മുൻഡോ ഡിപ്പോർട്ടീവോ’യോട് പറഞ്ഞു. നിലവിലെ പരിശീലന ക്യാമ്പ് ലാമസിയ താരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണെന്ന് കോർട്ടെസ് കരുതുന്നു.
“എനിക്കും മറ്റ് യുവതാരങ്ങൾക്കും ഇതൊരു വലിയ അവസരമാണ്. ഇവിടെ ഞങ്ങൾ ധാരാളം പേരുണ്ട്, ഇത് ഫസ്റ്റ് ടീമിൽ തുടരാനും പരിശീലകന്റെ വിശ്വാസം ആർജ്ജിക്കാനും ലഭിച്ച അവസരമായി കാണുന്നു,” അദ്ദേഹം പറഞ്ഞു. ബാഴ്‌സലോണയിൽ തുടരുക എന്നത് തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്നമാണെന്നും ക്ലബ്ബിന്റെ ഏത് തീരുമാനത്തെയും താൻ ബഹുമാനിക്കുമെന്നും കോർട്ടെസ് കൂട്ടിച്ചേർത്തു.
റിസർവ് ടീമിന് അപ്പുറത്തേക്ക്
ഭാവിയിൽ ബാഴ്‌സ അത്ലറ്റിക്കിലേക്ക് മടങ്ങേണ്ടി വരുമോ എന്ന ചോദ്യത്തിന്, താൻ ഇപ്പോൾ റിസർവ് ടീമിന് മുകളിലാണെന്ന് 21-കാരനായ കോർട്ടെസ് ആത്മവിശ്വാസത്തോടെ മറുപടി നൽകി. ബിർമിങ്ഹാം സിറ്റിക്കെതിരായ തന്റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോൾ നേടിയ താരം, അത് തന്റെ മനോവീര്യം തെളിയിക്കുന്നതാണെന്ന് വ്യക്തമാക്കി.
ബാഴ്‌സലോണ ഇതിഹാസങ്ങളിൽ നിന്ന് പ്രചോദനം
തന്റെ പ്രതിരോധ ശൈലിയെക്കുറിച്ച് സംസാരിക്കുമ്പോൾ, പന്ത് കൈവശം വെച്ച് കളിക്കുന്നതിനും ഡിഫൻസീവ് ഡ്യുവലുകളിലും താൻ കൂടുതൽ താല്പര്യം കാണിക്കുന്നുണ്ടെന്ന് കോർട്ടെസ് പറഞ്ഞു. പിക്വെ, പുയോൾ എന്നിവരെ താൻ എപ്പോഴും ആരാധിച്ചിരുന്നുവെന്നും, എന്നാൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്നിഗോ മാർട്ടിനസിനെ താൻ മാതൃകയാക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാഴ്‌സലോണ ഈ സമ്മറിൽ പുതിയ സെൻട്രൽ ഡിഫൻസറെ കണ്ടെത്തുന്നതിനായി വലിയ നീക്കങ്ങൾ നടത്തിയിട്ടില്ല എന്നത് കോർട്ടെസിന് കൂടുതൽ അവസരങ്ങൾ തുറന്നു നൽകുന്നു. ഇടംകാലൻ താരമായ കോർട്ടെസ് പന്ത് കൈവശം വെക്കുന്നതിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സീസൺ തുടങ്ങുന്നതിന് മുൻപ് ഈ 21-കാരൻ ഫ്ലിക്കിന്റെ ടീമിൽ സ്ഥിരമായി ഇടം പിടിക്കുമോ എന്ന് കണ്ടറിയണം.
