ഫുട്ബോളിൽ നിന്ന് വിരമിച്ച് സൈദോ ബെറഹീനോ; ഇനി ബുറുണ്ടി ടീമിനായി പരിശീലക റോളിൽ
മുൻ പ്രീമിയർ ലീഗ് സ്ട്രൈക്കർ സൈദോ ബെറഹീനോ തന്റെ 33-ാം വയസ്സിൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. ബുറുണ്ടി ദേശീയ ടീമിന്റെ പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് താരം ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
മിഡ്ലാൻഡ്സിൽ വളർന്ന ബുറുണ്ടി അന്താരാഷ്ട്ര താരമായ ബെറഹീനോ, തന്റെ കരിയറിൽ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയത് വെസ്റ്റ് ബ്രോംവിച്ച് ആൽബിയനിലൂടെയാണ്. 2014-15 സീസണിൽ പ്രീമിയർ ലീഗിലും കപ്പ് മത്സരങ്ങളിലുമായി 20 ഗോളുകൾ നേടി താരം മികച്ച ഫോമിലായിരുന്നു. തുടർന്ന് 2017 ജനുവരിയിൽ 12 മില്യൺ പൗണ്ടിനാണ് താരം സ്റ്റോക്ക് സിറ്റിയിൽ ചേർന്നത്.
എന്നാൽ, വെസ്റ്റ് ബ്രോംവിച്ചിലെ അവസാന നാളുകൾക്ക് ശേഷം സ്റ്റോക്ക് സിറ്റിയിൽ ബെറഹീനോയ്ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. 2018 ഏപ്രിലിൽ സ്റ്റോക്ക് സിറ്റി പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെടുകയും ചെയ്തു. തുടർന്ന് അന്നത്തെ പരിശീലകൻ ഗാരി റോവെറ്റ് നൽകിയ അവസരം മുതലെടുത്ത് 2018-19 സീസണിൽ താരം അഞ്ച് ഗോളുകൾ നേടിയിരുന്നു. എങ്കിലും പിന്നീട് ടീമിൽ സ്ഥാനം നഷ്ടമായതോടെ കരാർ കാലാവധി മൂന്ന് വർഷം ബാക്കിനിൽക്കെ പരസ്പര സമ്മതത്തോടെ താരം ക്ലബ്ബ് വിട്ടു.
2019 ഓഗസ്റ്റിൽ ബെൽജിയത്തിലേക്ക് ചേക്കേറിയ ബെറഹീനോ, വാരെഗെം, ഷാർലെറോയി എന്നീ ക്ലബ്ബുകളിൽ കളിച്ചു. 2021 ഓഗസ്റ്റിൽ മുൻ വെസ്റ്റ് ബ്രോംവിച്ച് പരിശീലകൻ ഡാരൻ മൂറിന്റെ കീഴിൽ ഷെഫീൽഡ് വെനസ്ഡേയിൽ ചേർന്നു. പിന്നീട് സൈപ്രസ്, ഇന്ത്യ, സ്ലൊവേനിയ എന്നിവിടങ്ങളിലും താരം പന്തുതട്ടി. ഇംഗ്ലണ്ടിന്റെ അണ്ടർ 21 തലം വരെയുള്ള ടീമുകളിൽ കളിച്ച ബെറഹീനോയെ റോയ് ഹോഡ്സൺ ഇംഗ്ലണ്ട് സീനിയർ ടീമിലേക്ക് രണ്ട് തവണ വിളിച്ചിരുന്നെങ്കിലും മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചില്ല.
ബുറുണ്ടിക്കായി 23 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയ ബെറഹീനോ, യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ 72 ഗോളുകളും നേടിയിട്ടുണ്ട് [Getty Images]
ബെറഹീനോയുടെ ‘ലറ്റർ ടു ദി ഗെയിം’
തന്റെ ആദ്യ ക്ലബ്ബായ വെസ്റ്റ് ബ്രോംവിച്ചിന് ബെറഹീനോ പ്രത്യേക നന്ദി അറിയിച്ചു. അവിടെ 121 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ താരം നേടിയിട്ടുണ്ട്. തന്റെ 20-ാം വയസ്സിൽ ന്യൂപോർട്ട് കൗണ്ടിക്കെതിരായ ഇഎഫ്എൽ കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ താരം ഹാട്രിക് നേടിയിരുന്നു.
ഇൻസ്റ്റാഗ്രാമിൽ ‘എ ലെറ്റർ ടു ദി ഗെയിം’ എന്ന തലക്കെട്ടിൽ പങ്കുവെച്ച കുറിപ്പിൽ താരം ഇങ്ങനെ എഴുതി: “ഞാൻ ഒരു ബാലനായിരുന്നപ്പോൾ എന്നിൽ വിശ്വസിച്ച വെസ്റ്റ് ബ്രോംവിച്ച് ആൽബിയന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ക്ലബ്ബിലെ ആ വർഷങ്ങൾ, ഗോളുകൾ, ആരാധകർ, നിമിഷങ്ങൾ എന്നിവ എന്നും പ്രത്യേകമായിരിക്കും. ജീവിതത്തിലെ ഉയർച്ച താഴ്ചകളും തെറ്റുകളും പാഠങ്ങളും ഞാൻ പഠിച്ചു. ഫുട്ബോൾ നിങ്ങളെ ഉയർത്തുകയും അതേസമയം പരീക്ഷിക്കുകയും ചെയ്യുമെന്ന് ഞാൻ തിരിച്ചറിഞ്ഞു.”
“ബൂട്ട് അഴിക്കാനുള്ള സമയമായിരിക്കുന്നു. എന്റെ ശരീരവും ഹൃദയവും അടുത്ത അധ്യായത്തിന് തയ്യാറാണ്. ബുറുണ്ടി ദേശീയ ടീമിനെ പരിശീലകനായി സേവിക്കാൻ കഴിയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. തന്നെ വളർത്തിയെടുത്ത രാജ്യത്തിന് തിരികെ നൽകാനും അടുത്ത തലമുറയെ സഹായിക്കാനും കഴിയുന്നത് ശരിയായ തീരുമാനമായി തോന്നുന്നു.”
“എന്റെ കുടുംബത്തിന് നന്ദി – നിങ്ങളാണ് എന്റെ ശക്തി. എല്ലാ ഘട്ടങ്ങളിലും എന്നോടൊപ്പം നിന്ന ആരാധകരോട് – നിങ്ങളുടെ പിന്തുണ ഞാൻ ഒരിക്കലും മറക്കില്ല. ഇത് ഫുട്ബോളിനോടുള്ള വിടവാങ്ങലല്ല. ഇത് ഒരു കഥയുടെ അന്ത്യവും മറ്റൊന്നിന്റെ തുടക്കവും മാത്രമാണ്. ഫുട്ബോൾ എനിക്ക് എല്ലാം നൽകി. ബുജുംബുറയിലെ തെരുവുകളിൽ നിന്ന് തുടങ്ങി, പ്രീമിയർ ലീഗിലൂടെ, താൻ സ്വപ്നം കാണാത്ത ഇടങ്ങളിലേക്ക് വരെ ഫുട്ബോൾ എന്നെ എത്തിച്ചു,” താരം കുറിച്ചു.