ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തി ജോർജ് ഓർട്ടിസ്; എഫ്‌സി ഗോവയുമായി ഒരു വർഷത്തെ കരാർ
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ക്ലബ്ബ് എഫ്‌സി ഗോവയിലേക്ക് സ്പാനിഷ് മിഡ്‌ഫീൽഡർ ജോർജ് ഓർട്ടിസ് മടങ്ങിയെത്തുന്നു. പുതിയ സീസണിന് മുന്നോടിയായി ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നതെന്ന് ക്ലബ്ബ് ശനിയാഴ്ച ഔദ്യോഗികമായി അറിയിച്ചു.
2020-21 സീസണിൽ ഗൗർസിനൊപ്പമാണ് ഓർട്ടിസ് ഐഎസ്എൽ കരിയർ ആരംഭിച്ചത്. എഫ്‌സി ഗോവയ്ക്കായി 16 ഗോളുകൾ നേടിയിട്ടുള്ള താരം ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ആറാമത്തെ ഗോൾവേട്ടക്കാരനാണ്.
മികച്ച ക്രിയാത്മകതയും സാങ്കേതിക തികവും നേരിട്ടുള്ള കളീശൈലിയും കൈമുതലായുള്ള ഓർട്ടിസ്, എഫ്‌സി ഗോവയുടെ ഫുട്ബോൾ ശൈലിയുമായി നന്നായി ഇണങ്ങിചേരുന്ന താരമാണ്.
34-കാരനായ ഓർട്ടിസ് 2024-25 സീസണിൽ മുംബൈ സിറ്റി എഫ്‌സിക്ക് വേണ്ടിയാണ് അവസാനമായി കളിച്ചത്. മുംബൈയ്ക്കായി ഒമ്പത് മത്സരങ്ങളിൽ ബൂട്ടണിഞ്ഞെങ്കിലും ഗോളുകളോ അസിസ്റ്റുകളോ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
ഓർട്ടിസിന്റെ തിരിച്ചുവരവിനെക്കുറിച്ച് എഫ്‌സി ഗോവയുടെ ഹെഡ് കോച്ച് ഗൗരമംഗി സിങ് പ്രതികരിച്ചു:
“മികച്ച ഗുണനിലവാരവും വ്യക്തിത്വവുമുള്ള താരമാണ് ജോർജ്. ക്ലബ്ബിന്റെ അന്തരീക്ഷം അദ്ദേഹത്തിന് വ്യക്തമായി അറിയാം. ടീമിന് എന്ത് സംഭാവന നൽകാൻ കഴിയുമെന്ന് അദ്ദേഹം മുൻപ് തെളിയിച്ചിട്ടുള്ളതാണ്. ഫൈനൽ തേഡിൽ കളി മെനയാനുള്ള അദ്ദേഹത്തിന്റെ കഴിവ് ടീമിന് നിർണ്ണായകമാകും. അദ്ദേഹത്തെ തിരികെ ലഭിച്ചതിൽ ഞങ്ങൾ സന്തോഷവാന്മാരാണ്, ഒപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുന്നു.”
ക്ലബ്ബിലേക്കുള്ള തിരിച്ചുവരവിൽ ഓർട്ടിസ് ഇങ്ങനെ പറഞ്ഞു:
“എഫ്‌സി ഗോവയിലേക്ക് മടങ്ങിയെത്തിയതിൽ അതിയായ സന്തോഷമുണ്ട്. ഈ ക്ലബ്ബും ഗോവയും എപ്പോഴും എന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുള്ളവയാണ്. ഗൗർസിനൊപ്പമുള്ള ഈ പുതിയ അധ്യായം തുടങ്ങാൻ ഞാൻ ആവേശത്തിലാണ്. ആരാധകർക്ക് ഈ ക്ലബ്ബ് നൽകുന്ന പിന്തുണ എനിക്കറിയാം. ടീമിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ക്ലബ്ബിന് വേണ്ടി എല്ലാം നൽകാൻ ഞാൻ തയ്യാറാണ്.”
Published on Sep 05, 2026
