ഇംഗ്ലീഷ് താരം ആന്ദ്രേ ഗ്രീൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക്
ഇംഗ്ലീഷ് വിങ്ങറായ ആന്ദ്രേ ഗ്രീനിനെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. 2026-27 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായാണ് താരം ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തിയത്.
ഇംഗ്ലീഷ് ഫുട്ബോളിലെ വിപുലമായ അനുഭവസമ്പത്തുമായാണ് 27-കാരനായ ഈ മുന്നേറ്റനിര താരം കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ആസ്റ്റൺ വില്ല, പോർട്‌സ്മൗത്ത്, പ്രസ്റ്റൺ നോർത്ത് എൻഡ്, ഷെഫീൽഡ് യുണൈറ്റഡ്, റോദർഹാം യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകൾക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്. ആസ്റ്റൺ വില്ലയ്ക്കായി കളിച്ച ആദ്യ സീസണിൽ തന്നെ പ്രീമിയർ ലീഗിൽ രണ്ട് മത്സരങ്ങളിൽ താരം ബൂട്ടണിഞ്ഞു.
ആസ്റ്റൺ വില്ല അക്കാദമിയിലൂടെ വളർന്ന ഗ്രീൻ, 2015-ലാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്. വില്ലയ്ക്കായി വിവിധ ടൂർണമെന്റുകളിലായി 50-ലധികം മത്സരങ്ങളിൽ അദ്ദേഹം കളത്തിലിറങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ അണ്ടർ 18, അണ്ടർ 19, അണ്ടർ 20 ടീമുകളെയും താരം പ്രതിനിധീകരിച്ചു.
വിങ്ങുകളിൽ കളി മെനയാൻ മിടുക്കനായ ഗ്രീൻ, ഇരുവശങ്ങളിലും ഒരേപോലെ മികവ് പുലർത്തുന്ന ഒരു ഡൈനാമിക് അറ്റാക്കറാണ്. വേഗതയും പന്തിലുള്ള നിയന്ത്രണവും എതിർ പ്രതിരോധത്തെ ഭേദിച്ച് അവസരങ്ങൾ സൃഷ്ടിക്കാൻ താരത്തെ സഹായിക്കുന്നു. പന്തില്ലാത്ത സമയത്തും മികച്ച ചലനങ്ങൾ നടത്തുന്ന ഗ്രീൻ, എതിരാളികളുടെ പ്രതിരോധത്തെ വലച്ച് സഹതാരങ്ങൾക്ക് അവസരങ്ങൾ ഒരുക്കാനും മിടുക്കനാണ്.
തന്റെ കരിയറിൽ വിദേശ ലീഗുകളിലും കളിച്ച പരിചയസമ്പത്തുള്ള ഗ്രീൻ, 2026-27 സീസൺ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗമായിരിക്കും.
Published on Oct 06, 2026
