കേരള ബ്ലാസ്റ്റേഴ്‌സിനെ മാഗ്നം സ്‌പോർട്‌സ് വിറ്റു; ഉടമസ്ഥാവകാശം കൈമാറുന്നു
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിനെ മാഗ്നം സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് വിറ്റതായി ചൊവ്വാഴ്ച ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. വരാനിരിക്കുന്ന സീസണിന് മുന്നോടിയായാണ് ഉടമസ്ഥാവകാശത്തിൽ മാറ്റം വരുന്നത്.
പുതിയ ഉടമകൾ ആരെന്ന വിവരം ക്ലബ്ബ് പുറത്തുവിട്ടിട്ടില്ല. നിലവിൽ ക്ലബ്ബിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പുതിയ ഉടമസ്ഥ സംഘം ഏറ്റെടുക്കുമെന്നും, ഘട്ടം ഘട്ടമായാകും കൈമാറ്റം പൂർത്തിയാക്കുകയെന്നും ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി. ഇതോടെ പത്ത് വർഷം നീണ്ട മാഗ്നം സ്‌പോർട്‌സിന്റെ ഉടമസ്ഥതയ്ക്ക് വിരാമമായി.
“ക്ലബ്ബ് വിൽക്കുക എന്ന തീരുമാനമെടുക്കുന്നത് എളുപ്പമായിരുന്നില്ല. ക്ലബ്ബിന്റെ ഇന്നത്തെ നിലയിലേക്ക് എത്തിച്ച ജനങ്ങളെക്കുറിച്ചും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഴത്തിൽ ചിന്തിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത്,” ഷെയർഹോൾഡർമാർ പ്രസ്താവനയിൽ പറഞ്ഞു.
“ഇന്ത്യൻ ഫുട്ബോളിലെ വരാനിരിക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാനും വളർച്ച തുടരാനും സാധിക്കുന്ന തരത്തിൽ ശക്തമായ അടിത്തറയുള്ള ഒരു ക്ലബ്ബിനെയാണ് ഞങ്ങൾ ഇവിടെ ബാക്കിവെക്കുന്നത്. ഈ യാത്ര ആരംഭിച്ചപ്പോൾ ഉണ്ടായിരുന്ന അതേ ആത്മവിശ്വാസത്തോടെ തന്നെ ക്ലബ്ബിന്റെ അടുത്ത അധ്യായം രചിക്കാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.
Published on Sep 29, 2026
