മെക്സിക്കോയ്ക്കെതിരെ ഗോൾ; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾവേട്ടക്കാരനായി കാവൻ സള്ളിവൻ
മെക്സിക്കോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ മിന്നുന്ന ഗോളിലൂടെ അമേരിക്കൻ ഫുട്ബോൾ ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ് കാവൻ സള്ളിവൻ. 3-0 ന് അമേരിക്ക വിജയിച്ച മത്സരത്തിൽ മനോഹരമായ ഒരു ലോബ് ഗോളിലൂടെയാണ് സള്ളിവൻ റെക്കോർഡ് നേട്ടത്തിലെത്തിയത്.
ഈ ബുധനാഴ്ച ചിലിക്കെതിരെ ഗോൾ നേടിയ പതിനേഴുകാരനായ മാത്തിസ് ആൽബർട്ട് (17 വയസ്സ്, 131 ദിവസം) ആയിരുന്നു ഈ റെക്കോർഡിന് ഉടമ. എന്നാൽ വെറും അഞ്ച് ദിവസത്തിനുള്ളിൽ ആ റെക്കോർഡ് സള്ളിവൻ മറികടന്നു. 17 വയസ്സും അഞ്ച് ദിവസവും പ്രായമുള്ളപ്പോഴാണ് സള്ളിവൻ ഈ നേട്ടം കൈവരിച്ചത്. അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാൻ തയ്യാറെടുക്കുന്ന സള്ളിവൻ, 62-ാം മിനിറ്റിൽ റൗൾ റേഞ്ചലിന്റെ പാസ് തട്ടിയെടുത്ത് മെക്സിക്കോ ഗോൾകീപ്പർക്ക് മുകളിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ അമേരിക്കയുടെ ലീഡ് ഇരട്ടിയായി.
“മൂന്ന്, നാല്, അഞ്ച്, ആറ് വയസ്സുള്ളപ്പോൾ മുതൽ സ്വപ്നം കണ്ട നിമിഷമാണിത്. ഈ മത്സരത്തിൽ ഞാൻ സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ മാത്രമല്ല, ജീവിതകാലം മുഴുവൻ ഞാൻ ഈ നിമിഷത്തെക്കുറിച്ച് ആലോചിക്കാറുണ്ട്,” സള്ളിവൻ പ്രതികരിച്ചു.
നിലവിൽ എംഎൽഎസ് ക്ലബ് ഫിലാഡൽഫിയ യൂണിയന് വേണ്ടി കളിക്കുന്ന സള്ളിവനെ, 14 വയസ്സുള്ളപ്പോൾ തന്നെ 2024-ൽ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരുന്നു. എന്നാൽ, സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള 115 കേസുകളിൽ ക്ലബ് കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ സള്ളിവന്റെ ട്രാൻസ്ഫറിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ക്ലബ് ഇതിനെതിരെ അപ്പീൽ നൽകുമെന്നാണ് കരുതപ്പെടുന്നത്.
മൗറീഷ്യോ പോച്ചെറ്റിനോയുടെ ടീമിനായി 28-ാം മിനിറ്റിൽ 18 വയസ്സുകാരൻ ജൂലിയൻ ഹാൾ ആണ് ആദ്യ ഗോൾ നേടിയത്. പന്ത് ചിപ്പ് ചെയ്യുമ്പോൾ അത് ക്രോസ് ബാറിൽ തട്ടുകയോ പുറത്തുപോവുകയോ ചെയ്യരുതേ എന്ന് മാത്രമാണ് ആഗ്രഹിച്ചതെന്ന് സള്ളിവൻ പറഞ്ഞു. പന്ത് വായുവിൽ ആയിരുന്നപ്പോൾ താൻ വല്ലാതെ പരിഭ്രമിച്ചിരുന്നുവെന്നും സള്ളിവൻ കൂട്ടിച്ചേർത്തു.
അരിസോണയിൽ നടന്ന മത്സരത്തിൽ മെക്സിക്കോയ്ക്ക് കാര്യങ്ങൾ കൂടുതൽ വഷളായി. 68-ാം മിനിറ്റിൽ സെബാസ്റ്റ്യൻ ബെർഹാൾട്ടറുടെ മുഖത്ത് തള്ളിയതിന് പകരക്കാരനായി ഇറങ്ങിയ ലൂയിസ് ഷാവേസിന് ചുവപ്പ് കാർഡ് ലഭിച്ചു. തുടർന്ന് 16 മിനിറ്റുകൾക്ക് ശേഷം മാലിക് ടിൽമാൻ കൂടി ഗോൾ നേടിയതോടെ അമേരിക്ക വിജയം പൂർത്തിയാക്കി.
