ഫിയോറന്റീന വിട്ട് ബ്രെന്റ്ഫോർഡിലേക്ക്; മൈക്കൽ കായോദെയുടെ കരിയർ ഉയരങ്ങളിലേക്ക്
ബ്രെന്റ്ഫോർഡിന്റെ താരമായ മൈക്കൽ കായോടെ ഇപ്പോൾ ക്ലബിനും ദേശീയ ടീമിനും വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാൽ കുറച്ചു കാലങ്ങൾക്ക് മുമ്പ് ഇറ്റാലിയൻ ക്ലബ് ഫിയോറന്റീനയുടെ താരമായിരുന്നു അദ്ദേഹം. ക്ലബിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന കായോടെ, ഒരു സീസൺ സ്ഥിരമായി കളിച്ചതിന് ശേഷമാണ് ക്ലബ്ബ് വിട്ടത്.
2025 ജനുവരിയിൽ ലോൺ അടിസ്ഥാനത്തിലാണ് കായോദെയെ ബ്രെന്റ്ഫോർഡ് സ്വന്തമാക്കിയത്. തുടർന്ന് 2025 വേനൽക്കാലത്ത് ഈ കരാർ സ്ഥിരപ്പെടുത്തുകയായിരുന്നു. കുറച്ചു ആഴ്ചകൾക്ക് മുമ്പ് ഇറ്റാലിയൻ ദേശീയ ടീമിലേക്ക് കായോദെയെ വിളിച്ചിരുന്നു. നൈജീരിയയ്ക്ക് വേണ്ടി കളിക്കാൻ സാധ്യതയുണ്ടായിരുന്ന താരത്തെ ഇറ്റാലിയൻ ടീമിൽ ഉൾപ്പെടുത്തിക്കൊണ്ട് അവർ ആ ആശങ്ക ഒഴിവാക്കി.
വിഗോ ഗ്ലോബൽ സ്പോർട്ട് എന്ന ഏജൻസിയാണ് കായോദെയെ പ്രതിനിധീകരിക്കുന്നത്. ഈ ഏജൻസിയുടെ ടാലന്റ് സ്കൗട്ടായ ആൻഡ്രിയ റിറ്റോർണി ഫിയോറന്റീന ന്യൂസിനോട് സംസാരിക്കവെ, താരം എന്തുകൊണ്ട് ഫിയോറന്റീന വിട്ട് ബ്രെന്റ്ഫോർഡിൽ ചേർന്നുവെന്നതിനെക്കുറിച്ച് വിശദീകരിച്ചു.
“കായോടെ വലിയ നന്ദിയോടെയാണ് ഫ്ലോറൻസ് വിട്ടത്. എന്നാൽ ഇറ്റാലിയൻ ലീഗിനേക്കാൾ താരത്തിന്റെ ശാരീരികക്ഷമതയ്ക്കും ഫുട്ബോൾ ശൈലിക്കും അനുയോജ്യമായ കൂടുതൽ കരുത്തുറ്റ ഒരു ലീഗിലേക്കാണ് അവൻ മാറിയത്,” അദ്ദേഹം പറഞ്ഞു.
ഫിയോറന്റീനയിൽ തനിക്ക് മതിയായ പിന്തുണ ലഭിച്ചിരുന്നില്ലെന്ന് കായോടെയ്ക്ക് തോന്നിയിരുന്നതായും, എന്നാൽ ബ്രെന്റ്ഫോർഡിൽ താൻ കൂടുതൽ പരിഗണിക്കപ്പെടുന്നുണ്ടെന്ന് താരം കരുതുന്നതായും റിറ്റോർണി വെളിപ്പെടുത്തി.
“തുടക്കത്തിൽ ബ്രെന്റ്ഫോർഡിൽ ബെഞ്ചിലിരുന്നെങ്കിലും, പിന്നീട് സ്വന്തം പ്രകടനം കൊണ്ട് ടീമിലെ സ്ഥിരസാന്നിധ്യമായി അവൻ മാറി. ഇനിയും മെച്ചപ്പെടാനുണ്ട് എന്നത് അവന് അറിയാം.”
ഫിയോറന്റീനയിൽ നിന്ന് കായോടെ പടിയിറങ്ങിയതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: “അവിടെ അവന് മതിയായ വിശ്വാസം ലഭിച്ചില്ല. അവന്റെ കഴിവിനും വ്യക്തിത്വത്തിനും അനുയോജ്യമായ മറ്റൊരിടത്തേക്ക് അവൻ പോകുന്നത് ശരിയായിരുന്നു. എന്തുകൊണ്ടാണ് അവനെ വിറ്റതെന്ന് ഫിയോറന്റീനയോട് തന്നെ ചോദിക്കണം. ഒരു ഓഫർ വന്നു, അത് അവർ അംഗീകരിച്ചു.”
ഇറ്റാലിയൻ ദേശീയ ടീമിലേക്കുള്ള കായോദെയുടെ വിളിയെക്കുറിച്ചും റിറ്റോർണി പ്രതികരിച്ചു. “ദേശീയ ടീമിലേക്കുള്ള വിളി കായോടെ അർഹിക്കുന്നുണ്ടായിരുന്നു. വലിയ മത്സരങ്ങൾക്കായി മാനസികമായും ശാരീരികമായും സ്വയം സജ്ജനാകുന്ന താരമാണവൻ. അവൻ ഗോൾ നേടുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തപ്പോൾ അത് വലിയൊരു അനുഭവമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
