കൽക്കട്ട ഫുട്ബോൾ ലീഗ്: കോൾ ഇന്ത്യയ്‌ക്കെതിരെ മോഹൻ ബഗാന് തകർപ്പൻ ജയം
കൽക്കട്ട ഫുട്ബോൾ ലീഗ് 2026 സൂപ്പർ സിക്സ് പോരാട്ടത്തിന് തകർപ്പൻ തുടക്കമിട്ട് മോഹൻ ബഗാൻ സൂപ്പർ ജയന്റ്. വ്യാഴാഴ്ച സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കോൾ ഇന്ത്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്.
ലിസ്റ്റൺ കൊളാക്കോ, സഹൽ അബ്ദുൽ സമദ്, ക്യാപ്റ്റൻ സുഭാശിഷ് ബോസ്, മൻവീർ സിംഗ്, ദീപക് ടാങ്‌രി തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗ് താരങ്ങൾ അണിനിരന്ന ശക്തമായ ടീമുമായാണ് മോഹൻ ബഗാൻ ഇറങ്ങിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അഞ്ച് ഗോളുകൾക്ക് ആതിഥേയർ വ്യക്തമായ ആധിപത്യം പുലർത്തി. മൻവീർ സിംഗ് രണ്ട് ഗോളുകൾ നേടിയപ്പോൾ, സഹൽ അബ്ദുൽ സമദ്, സന്ദീപ് മാലിക്, കിയാൻ നാസിരി എന്നിവർ ഓരോ ഗോളുകൾ വീതം നേടി.
രണ്ടാം പകുതിയുടെ 75-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഇർഫാൻ സർദാർ നേടിയ ഗോളിലൂടെ കോൾ ഇന്ത്യ ഒരു ഗോൾ മടക്കി.
ചിരവൈരികളായ ഈസ്റ്റ് ബംഗാളുമായി നടന്ന കൊൽക്കത്ത ഡെർബി മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞതിന് ശേഷമാണ് മോഹൻ ബഗാൻ ഈ മത്സരത്തിന് ഇറങ്ങിയത്.
ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ എസ് സി, ഭവാനിപൂർ, യുണൈറ്റഡ് എസ് സി എന്നിവരാണ് സൂപ്പർ സിക്സ് ഘട്ടത്തിലെ മറ്റ് ടീമുകൾ. റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീമിനെ കൽക്കട്ട ഫുട്ബോൾ ലീഗ് ചാമ്പ്യനായി പ്രഖ്യാപിക്കും.
