മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെ.ജെ ഗബ്രിയേലിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ്; നീക്കങ്ങൾ സജീവമാക്കി
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം ജെ.ജെ ഗബ്രിയേലിനെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമം തുടരുന്നു. സ്പാനിഷ് മാധ്യമമായ Diario AS ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യുണൈറ്റഡ് വിടാൻ താൽപ്പര്യമുണ്ടെന്നും തന്റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നും ഗബ്രിയേൽ ആവശ്യപ്പെട്ടതോടെയാണ് താരം വാർത്തകളിൽ ഇടംപിടിച്ചത്. താരത്തെ ടീമിൽ നിലനിർത്താൻ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി താരത്തിന് സ്കോളർഷിപ്പ് കരാർ വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും, മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനാണ് കൗമാരക്കാരനായ താരം ആഗ്രഹിക്കുന്നത്.
ഗബ്രിയേലിന്റെ ഇപ്പോഴത്തെ സാഹചര്യം ബാഴ്സലോണ, ബയേൺ മ്യൂണിക്ക്, പാരിസ് സെന്റ് ജെർമെയ്ൻ തുടങ്ങിയ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. എങ്കിലും, താരത്തെ സ്വന്തമാക്കുന്ന കാര്യത്തിൽ റയൽ മാഡ്രിഡ് ഏറെ ആത്മവിശ്വാസത്തിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്‌മെന്റിനെ തങ്ങളുടെ താൽപ്പര്യം അറിയിച്ച റയൽ, ഗബ്രിയേലിനും അദ്ദേഹത്തിന്റെ പ്രതിനിധികൾക്കും കരാർ വാഗ്ദാനവും നൽകിയിട്ടുണ്ട്.
സീനിയർ ടീമിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത 16 വയസ്സുകാരനായ താരത്തിന് ലഭിക്കുന്ന വലിയ മാധ്യമ ശ്രദ്ധ ഏവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. എന്നാൽ, യുണൈറ്റഡിന്റെ യൂത്ത് ടീമുകളിൽ താരം കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ അദ്ദേഹത്തിന്റെ ശോഭനമായ ഭാവിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 2025-26 സീസണിലെ അണ്ടർ 18 പ്രീമിയർ ലീഗിൽ 23 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ ഗബ്രിയേൽ നേടിയിരുന്നു. ഈ മികവിന് ‘റെഡ് ഡെവിൾസ് യങ് പ്ലെയർ ഓഫ് ദി ഇയർ’ പുരസ്കാരവും താരത്തെ തേടിയെത്തി. ഈ സീസണിൽ യുവേഫ യൂത്ത് ലീഗിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ സബാഹിനെതിരായ 5-0 വിജയിച്ച യുണൈറ്റഡ് ടീമിനായി ഗബ്രിയേൽ ഹാട്രിക് നേടിയിരുന്നു.
നമ്പർ 10 ആയും ലെഫ്റ്റ് വിംഗറായും സെന്റർ ഫോർവേഡായും കളിക്കാൻ കഴിയുന്ന ബഹുമുഖ പ്രതിഭയാണ് ഈ ഇംഗ്ലീഷ് ഫുട്ബോൾ താരം. പന്തിലുള്ള മികച്ച നിയന്ത്രണവും ഡ്രിബ്ലിംഗ് കഴിവുമാണ് ഗബ്രിയേലിന്റെ പ്രത്യേകത. കൃത്യമായ ഷൂട്ടിംഗും ഫിനിഷിംഗും താരത്തിന്റെ പ്രധാന ആയുധങ്ങളാണ്. ഗബ്രിയേലിനെ നഷ്ടപ്പെടുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ തിരിച്ചടിയാകും. എന്നാൽ, പുതിയൊരു ക്ലബ്ബിൽ പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാനാണ് താരം ആഗ്രഹിക്കുന്നത്.
