ടർക്കിഷ് ഫുട്ബോൾ ലീഗിലേക്ക് താരപ്രവാഹം: പുതിയ സാമ്പത്തിക അധ്യായം തുറന്ന് സൂപ്പർ ലിഗ്
നിലവിൽ തുർക്കിയിലെ ഫുട്ബോൾ ക്ലബ്ബുകളിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മുഹമ്മദ് സലാഹ്, റൊമേലു ലുകാകു, ലിയാൻഡ്രോ ട്രോസാർഡ്, ലിറോയ് സാനേ, നഥാൻ അക്കെ, മേസൺ ഗ്രീൻവുഡ്, എൻഗോലോ കാന്റെ, ഡുസാൻ വ്‌ലഹോവിച്ച് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇപ്പോൾ തുർക്കിയിലാണ് കളിക്കുന്നത്. ചർച്ചകളും സാഹചര്യങ്ങളും അനുകൂലമായാൽ ബ്രൂണോ ഫെർണാണ്ടസും ഗബ്രിയേൽ മാർട്ടിനെല്ലിയും വൈകാതെ ഈ പട്ടികയിൽ ഇടംപിടിച്ചേക്കും.
ലോകത്തിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ വിക്ടർ ഒസിമെൻ ഇതിനകം ഗലറ്റസറെയുടെ ഭാഗമാണ്. കഴിഞ്ഞ രണ്ട് സീസണുകളിലായി 43 ലീഗ് ഗോളുകൾ നേടിയ താരം ഈ സീസണിലും മികച്ച തുടക്കമാണ് കുറിച്ചത്. സൂപ്പർ ലിഗിലെ ഏറ്റവും വലിയ സൈനിംഗായ മുഹമ്മദ് സലാഹ്, ലിവർപൂളിൽ കഴിഞ്ഞ സീസണിൽ ലഭിച്ചതിന് തുല്യമായ പ്രതിഫലമാണ് ട്രാബ്സോൺസ്പോറിൽ നിന്നും നേടുന്നത്. തുർക്കിയിലെ നെറ്റ് സാലറി ഘടനയാണ് ഇതിന് പ്രധാന കാരണം.
സൗദി പ്രോ ലീഗ് തങ്ങളുടെ നിക്ഷേപങ്ങളിൽ കുറവ് വരുത്തിയതോടെ ആ വിടവിലേക്ക് തുർക്കിഷ് ലീഗ് കടന്നുവരികയാണ്. ഗലറ്റസറെ, ഫെനർബാഷെ, ബെസിക്റ്റാസ്, ട്രാബ്സോൺസ്പോർ എന്നീ നാല് പ്രധാന ക്ലബ്ബുകൾ നടത്തുന്ന നിക്ഷേപങ്ങൾ തുർക്കിഷ് ഫുട്ബോളിനെ താരങ്ങളുടെ പുതിയ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു. പ്രായമേറിയവരും എന്നാൽ മികച്ച കളി പുറത്തെടുക്കുന്നവരുമായ താരങ്ങളെയാണ് ക്ലബ്ബുകൾ ലക്ഷ്യമിടുന്നത്.
ഈ നിക്ഷേപങ്ങൾക്ക് പിന്നിൽ പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളോ കോടീശ്വരന്മാരുടെ ഇടപെടലോ ഇല്ല എന്നത് ശ്രദ്ധേയമാണ്. തുർക്കിഷ് ലിറയുടെ മൂല്യത്തകരച്ചാണ് ഇതിന് പ്രധാന കാരണം. അഞ്ച് വർഷം മുമ്പ് 0.10 യൂറോ ആയിരുന്ന ലിറയുടെ മൂല്യം ഇന്ന് ഏകദേശം 0.018 യൂറോയിലേക്ക് താഴ്ന്നു. ക്ലബ്ബുകൾ കളിക്കാർക്ക് ശമ്പളം ലിറയിൽ നൽകുമ്പോൾ, യൂറോപ്യൻ മത്സരങ്ങളിൽ നിന്നും വിദേശ സംപ്രേഷണങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം യൂറോയിലാണ്. ഇതാണ് മുമ്പ് അപ്രാപ്യമായിരുന്ന താരങ്ങളെ ടീമിലെത്തിക്കാൻ ക്ലബ്ബുകളെ സഹായിക്കുന്നത്.
ചൈന, റഷ്യ, ബ്രസീൽ, അമേരിക്ക (എംഎൽഎസ്), ഖത്തർ എന്നീ രാജ്യങ്ങളും മുൻകാലങ്ങളിൽ സമാനമായ രീതിയിൽ വലിയ നിക്ഷേപങ്ങൾ നടത്തിയിരുന്നു. എന്നാൽ കാലക്രമേണ ഈ തന്ത്രങ്ങളെല്ലാം മാറുകയായിരുന്നു. തുർക്കിയിലെ ഫുട്ബോൾ സംസ്കാരം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വേരുകളുള്ളതാണ്. ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് തുടങ്ങിയ വലിയ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ അവസരമുള്ളതും ഈ ക്ലബ്ബുകളുടെ ആകർഷണീയത വർധിപ്പിക്കുന്നു.
നിലവിൽ യൂറോപ്പിലെ പ്രമുഖ ലീഗുകളിൽ നിന്നും താരങ്ങളെ സ്വന്തമാക്കുന്നതിലൂടെ ഒരുതരം ‘ബെയ്‌ൽഔട്ട് ഫണ്ട്’ ആയി ടർക്കിഷ് ക്ലബ്ബുകൾ മാറുന്നു. എന്നാൽ, വലിയ ലക്ഷ്യങ്ങളുമായി എത്തുന്ന ഇത്തരം ലീഗുകൾക്ക് ഒടുവിൽ സംഭവിക്കുന്നത്, തങ്ങൾ വളരാൻ ശ്രമിക്കുന്ന വലിയ ലീഗുകളെ സാമ്പത്തികമായി സഹായിക്കുകയെന്നതാണ്. ഇത് ലീഗുകൾ തമ്മിലുള്ള അന്തരം കൂടുതൽ വർധിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യം മാറുന്നതുവരെ സാമ്പത്തിക പ്രവാഹം തുടരും, പിന്നീട് മറ്റൊരു പുതിയ സ്രോതസ്സ് ഉയർന്നുവരും.
