ദോഹ: ഫിഫ അണ്ടർ-17 ലോകകപ്പിന്റെ പൊതുജനങ്ങൾക്കായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ www.roadtoqatar.qa വഴി ടിക്കറ്റുകൾ സ്വന്തമാക്കാം. ഖത്തർ വിസ കാർഡ് ഉടമകൾക്ക് പ്രീസെയിൽ വിൽപ്പന നേരത്തേ ആരംഭിച്ചിരുന്നു. ടൂർണമെന്റിന്റെ എല്ലാ ടിക്കറ്റുകളും ഡിജിറ്റൽ രൂപത്തിലാണ് ലഭ്യമാകുക.
ആരാധകർക്കായി ‘ഡേ പാസ്’ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടം, റൗണ്ട് ഓഫ് 32, പ്രീ ക്വാർട്ടർ, ക്വാർട്ടർ എന്നിവയ്ക്കുള്ള ഡേ പാസിന് ഒരു ദിവസത്തേക്ക് 20 ഖത്തരി റിയാലാണ് നിരക്ക്. ഒരാൾക്ക് ഒരു മാച്ച് ഡേയിൽ പരമാവധി ആറ് ഡേ പാസുകൾ വരെ സ്വന്തമാക്കാം.
ഇതുവഴി ഒരു ദിവസം നടക്കുന്ന ഒന്നിലധികം മത്സരങ്ങൾ കാണുന്നതിനും ഫാൻ സോണിലെ സാംസ്കാരിക, വിനോദ പരിപാടികളിൽ പങ്കെടുക്കാനും സാധിക്കും. കൂടുതൽ ഫാൻസുള്ള മത്സരങ്ങളിൽ സീറ്റുകൾ നേരത്തേ ഉറപ്പിക്കാൻ ‘പ്രൈം പാസ്’ ആരാധകർക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഗ്രൂപ്പ് ഘട്ടം, റൗണ്ട് ഓഫ് 32, പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി ഫൈനൽ എന്നിവക്ക് 35 ഖത്തരി റിയാൽ ആണ് നിരക്ക്. ഓരോ സ്റ്റേഡിയത്തിന്റെയും സൗകര്യത്തിന് അനുസരിച്ച് പ്രൈം പാസുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഫൈനൽ ടിക്കറ്റുകൾ കാറ്റഗറി 1- 30 റിയാൽ നിരക്കിലും, കാറ്റഗറി 2-ന് 15 റിയാൽ നിരക്കിലും ലഭ്യമാണ്. ഒരാൾക്ക് പരമാവധി ആറ് ടിക്കറ്റുകൾ വരെ വാങ്ങാം. ഭിന്നശേഷി ആരാധകർക്കായി പ്രത്യേക സൗകര്യങ്ങളോട് കൂടിയ പ്രവേശന ടിക്കറ്റുകളും ലഭ്യമാണ്. ഇതോടൊപ്പം കൂട്ടാളിക്കുള്ള ഒരു സൗജന്യ ടിക്കറ്റും ലഭിക്കും. ആക്സസിബിലിറ്റി സീറ്റുകൾക്കായി ഭിന്നശേഷിക്കാരായ ആരാധകർക്ക് accessibility.tickets@sc.qa എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
നവംബർ 19 മുതൽ ഡിസംബർ 13 വരെ അസ്പയർ സോണിലെ അത്യാധുനിക കോംപ്ലക്സിലാണ് മത്സരങ്ങൾ നടക്കുന്നത്. 48 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളാണുള്ളത്. ഫൈനലിന് അഹമ്മദ് ബിൻ അലി സ്റ്റേഡിയം വേദിയാകും. ഗ്രൂപ്പ് എയിൽ ഈജിപ്ത്, ഗ്രീസ്, പനാമ എന്നിവയ്ക്കൊപ്പമാണ് ആതിഥേയരായ ഖത്തർ കളിക്കുന്നത്. നവംബർ 19ന് വൈകുന്നേരം 6.30 ന് പനാമയുമായാണ് ഖത്തറിന്റെ ആദ്യ മത്സരം.കഴിഞ്ഞ ടൂർണമെന്റിലെ ‘ബോമ’ തന്നെയാണ് ഈ വർഷത്തെയും ഔദ്യോഗിക മാസ്കോട്ട്.
Disclaimer: Some of the football news content displayed on this website is automatically syndicated from Madhyamam Football. We do not claim ownership of these syndicated stories, and all rights remain with the original publisher. For full and original coverage, please visit Madhyamam.
