സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം ഹോം മത്സരത്തിലും മലപ്പുറം എഫ്സി ഗോളടിമേളം തീർത്തിരിക്കുന്നു. കണ്ണൂർ വാരിയേഴ്സ് എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മലപ്പുറം എഫ്സി പരാജയപ്പെടുത്തിയത്. ഈ മത്സരത്തിലെ വിജയത്തോടുകൂടി ലീഗ് പകുതി പിന്നിടുമ്പോൾ മലപ്പുറം എഫ്സി എട്ട് പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഇത്രയും കളികളിൽ നിന്ന് ഏഴ് പോയിന്റുള്ള കണ്ണൂർ വാരിയേഴ്സ് എഫ്സി ഇപ്പോൾ നാലാം സ്ഥാനത്താണ് ഉള്ളത്.
ഈ മത്സരത്തിൽ മലപ്പുറം എഫ്സിക്കായി ക്യാപ്റ്റൻ അമാദു സുക്കൂന, മുഹമ്മദ് മഹ്ദി, റാഷിദ് എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇരുഭാഗത്തുനിന്നും മികച്ച നീക്കങ്ങൾ ഉണ്ടായിരുന്നു. പതിനാറാമത്തെ മിനിറ്റിൽ മലപ്പുറത്തിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും അവസാനഘട്ടത്തിൽ തീരുമാനമെടുക്കുന്നതിൽ വന്ന പിഴവ് കാരണം ആ അവസരം നഷ്ടമായി. എന്നാൽ പത്തൊൻപതാം മിനിറ്റിൽ മലപ്പുറം ആദ്യ ഗോൾ കണ്ടെത്തി. മധ്യനിരയിൽ നിന്നുള്ള എൽഫോർസിയുടെ ലോങ് പാസ് കണ്ണൂർ പ്രതിരോധ നിരക്കിടയിലൂടെ നുഴഞ്ഞുകയറി അമാദു സുക്കൂന വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. മുന്നോട്ടുകയറി വന്ന ഗോളി അജ്മലിന്റെ കയ്യിൽ തട്ടി പന്ത് വലയിലേക്ക് കയറിയതോടെ മലപ്പുറം എഫ്സി ലീഡ് എടുത്തു.
സമനിലയ്ക്കുള്ള ശ്രമങ്ങൾ കണ്ണൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും മലപ്പുറം ആക്രമണങ്ങൾ തുടർന്നു. ആദ്യ പകുതിയുടെ ഇൻജുറി സമയത്ത് മലപ്പുറം തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. എൽഫോർസിയുടെ കോർണർ കണ്ണൂർ പ്രതിരോധം ക്ലിയർ ചെയ്തെങ്കിലും പന്ത് ലഭിച്ച മുഹമ്മദ് മഹ്ദിയുടെ നിലംപറ്റെയുള്ള ഷോട്ട് ബോക്സിലെ ആൾക്കൂട്ടത്തിനിടയിലൂടെ വലയിലെത്തുകയായിരുന്നു. അങ്ങനെ ആദ്യ പകുതിയിൽ ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ ലീഡുമായി മലപ്പുറം കളിക്കളം വിട്ടു.
രണ്ടാം പകുതിയിൽ മലപ്പുറത്തിന്റെ പ്രതിരോധത്തിൽ മികച്ച പ്രകടനം നടത്തിയ മഷൂർ ഷരീഫിന് പരിക്കേറ്റതിനെ തുടർന്ന് കളിക്കളം വിടേണ്ടി വന്നു. അദ്ദേഹത്തിന് പകരം നിതിൻ കൃഷ്ണ കളത്തിലിറങ്ങി. അമ്പത്തൊൻപതാം മിനിറ്റിൽ മലപ്പുറത്തിന്റെ മുഹമ്മദ് സാലിം ഉയർത്തിവിട്ട പന്ത് ക്രോസ് ബാറിലും ഗോളി അജ്മലിന്റെ കൈകളിലും തട്ടി മടങ്ങി വന്നു. തുടർന്ന് അറുപത്തിയാറാമത്തെ മിനിറ്റിൽ മലപ്പുറം തങ്ങളുടെ മൂന്നാമത്തെ ഗോൾ കണ്ടെത്തി. ബോക്സിനുള്ളിൽ നിന്നുള്ള കനത്ത ഷോട്ടിലൂടെ റാഷിദ് ആണ് ഈ ഗോൾ നേടിയത്. രണ്ട് മത്സരങ്ങളിൽ നിന്നായി താരത്തിന്റെ മൂന്നാം ഗോളാണിത്. തൊണ്ണൂറാം മിനിറ്റിൽ റാഷിദ് വീണ്ടും വലചലിപ്പിച്ചെങ്കിലും ഇത്തവണ ഓഫ്സൈഡ് ഫ്ലാഗ് ഉയരുകയായിരുന്നു. മത്സരം ഗംഭീരമായി വിജയിച്ചതോടെ മലപ്പുറം എഫ്സി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുകയാണ്. ലീഗ് പകുതി പിന്നിടുമ്പോൾ മലപ്പുറം താളം കണ്ടെത്തിക്കഴിഞ്ഞു എന്നുള്ളത് ആരാധകർക്ക് വലിയ ആവേശം പകരുന്ന കാര്യമാണ്.
