റിയാദ്: സൗദി പ്രോ ലീഗിൽ അൽ ഖുലൂദ് ക്ലബ്ബിനെതിരെയുള്ള മത്സരത്തിൽ അവസാന മിനിറ്റുകളിൽ തകർപ്പൻ ഹാട്രിക് ഗോളുകൾ സമ്മാനിച്ച് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വാശിയേറിയ പോരാട്ടത്തിലെ അവസാന 15 മിനിറ്റിനുള്ളിലാണ് മൂന്ന് തവണ എതിരാളികളുടെ വല കുലുക്കി താരം ടീമിനെ വിജയിപ്പിച്ചത്. രണ്ടാം പകുതി പൂർണമായും തന്റെ വരുതിയിലാക്കിയ റൊണാൾഡോയുടെ കരുത്തിൽ അൽ നസ്ർ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വിജയം ഉറപ്പിക്കുകയായിരുന്നു.
66, 72, 81 മിനിറ്റുകളിലായിരുന്നു റൊണാൾഡോ തകർപ്പൻ ഹാട്രിക്. ഇതോടെ റൊണാൾഡോയുടെ കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 985 ആയി ഉയർന്നു. ഫുട്ബോൾ ചരിത്രത്തിൽ 1,000 ഗോൾ തികയ്ക്കാനുള്ള സുവർണ ലക്ഷ്യത്തിലേക്ക് എത്താൻ ഇനി വെറും 15 ഗോളുകൾ മാത്രം ബാക്കിയുള്ളത്.
കിങ് സൗദ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ തുടക്കത്തിൽ അൽ ഖുലൂദ് കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. 16ാം മിനിറ്റിൽ ജൂലിയൻ ഡോമിങ്സിലൂടെ അൽ ഖുലൂദ് ആണ് ആദ്യം ലീഡെടുത്തത്. എന്നാൽ തുടക്കത്തിൽ റൊണാൾഡോയുടെ രണ്ട് ഗോളുകൾ ഓഫ്സൈഡിനെ തുടർന്ന് അസാധുവാക്കപ്പെട്ടെങ്കിലും, മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന അൽ നസ്ർ ഏഞ്ചലോ ഗബ്രിയേലിലൂടെ സമനില പിടിച്ചു. തുടർന്ന് സാദിയോ മാനെയിലൂടെ അൽ നസ്ർ മുന്നിലെത്തിയെങ്കിലും, ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ആന്റോയിൻ എസ്സോംബയിലൂടെ അൽ ഖുലൂദ് വീണ്ടും ഒപ്പമെത്തി. അതോടെ ടീമുകളുടെ നില 2-2.
പിന്നീട് രണ്ടാം പകുതി പൂർണമായും റൊണാൾഡോയുടെ അധീനതയിലായിരുന്നു. ജോവോ ഫെലിക്സിന്റെയും സാദിയോ മാനെയുടെയും പാസുകൾ മുതലെടുത്ത് രണ്ട് തവണ അടുത്തുനിന്നും, ഒരു ഹെഡറിലൂടെയും പന്ത് വലയിലെത്തിച്ച റൊണാൾഡോ സൗദി അറേബ്യയിൽ എത്തിയ ശേഷമുള്ള തന്റെ ഏഴാമത്തെ ഹാട്രിക് പൂർത്തിയാക്കി. കരിയറിലാകെ ക്ലബ്ബിനും രാജ്യത്തിനുമായി താരത്തിന്റെ 67ാമത്തെ ഹാട്രിക് ആണിത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അൽ ഖുലൂദ് ഒരു പെനാൽറ്റിയിലൂടെ ഒരു ഗോൾ കൂടി മടക്കിയെങ്കിലും, അൽ നസ്ർ 5-3ന്റെ കരുത്തുറ്റ ജയം സ്വന്തമാക്കുകയായിരുന്നു.
Disclaimer: Some of the football news content displayed on this website is automatically syndicated from Madhyamam Football. We do not claim ownership of these syndicated stories, and all rights remain with the original publisher. For full and original coverage, please visit Madhyamam.