ലോകകപ്പ് കിരീടം നേടുമെന്ന് കരുതി ടാറ്റൂ കുത്തി; ഒടുവിൽ തിരുത്തലുമായി ഇംഗ്ലണ്ട് ആരാധകൻ
ഇംഗ്ലണ്ട് ലോകകപ്പ് നേടുമെന്ന് ഉറച്ചുവിശ്വസിച്ച് ടാറ്റൂ ചെയ്ത ആരാധകൻ, ടീം പുറത്തായതോടെ തന്റെ ശരീരത്തിലെ ടാറ്റൂവിൽ തിരുത്തലുകൾ വരുത്തിയിരിക്കുകയാണ്.
റൗണ്ട് ഓഫ് 32-ൽ കോംഗോയെ 2-1ന് തോൽപ്പിച്ചതിന് പിന്നാലെയാണ്, ‘ഇംഗ്ലണ്ട് വേൾഡ് കപ്പ് വിന്നർ 2026’ എന്ന വാചകവും ലോകകപ്പ് ട്രോഫിയും തന്റെ കാലിൽ ഷോൺ കാറിംഗ്ടൺ ടാറ്റൂ ചെയ്യിച്ചത്. ഇതിനായി 550 പൗണ്ടാണ് 36-കാരനായ ഇദ്ദേഹം ചെലവാക്കിയത്.
തോമസ് ടുക്കലിന്റെ കീഴിലുള്ള ഇംഗ്ലണ്ട് ടീം കിരീടം നേടുമെന്ന് ഷോൺ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അർജന്റീനയോട് 2-1ന് തോറ്റ് ഇംഗ്ലണ്ട് പുറത്തായതോടെ ആ പ്രതീക്ഷകൾ അസ്തമിച്ചു.
ഇതോടെ സ്റ്റാൻഡിഷിലെ ഹോളി ട്രിനിറ്റി ടാറ്റൂ സ്റ്റുഡിയോയിലെത്തി, ടാറ്റൂവിന് താഴെയായി “ജസ്റ്റ് ജോക്കിംഗ്” (വെറുതെ തമാശയ്ക്ക്) എന്ന് ഇദ്ദേഹം എഴുതിച്ചേർത്തു.
രണ്ടാം തവണയും ടാറ്റൂ പാർലറിലെത്തിയ ശേഷം അദ്ദേഹം ബിബിസിയോട് പ്രതികരിച്ചത് ഇങ്ങനെ: “എന്റെ കാലിൽ ഒരു ടാറ്റൂ ഉള്ളതിനേക്കാൾ കൂടുതൽ വിഷമം ഇംഗ്ലണ്ട് ലോകകപ്പ് നേടിയില്ലെന്നതിലാണ്. ഇത് എന്നെ ബാധിക്കുന്നില്ല, ഇതൊരു ടാറ്റൂ മാത്രമാണ്.”
Sean Carrington does not regret his tattoo of the World Cup trophy above the words ‘England World Cup Winner 2026’ (Social media)
ആദ്യ ടാറ്റൂ ചെയ്തതിൽ തനിക്ക് ഖേദമില്ലെന്നും, താൻ ഒന്നും വ്യത്യസ്തമായി ചെയ്യുമായിരുന്നില്ലെന്നും കാറിംഗ്ടൺ വ്യക്തമാക്കി. തിരുത്തലിൽ താൻ സംതൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണയായി ഇത്തരം ടാറ്റൂകൾക്ക് 100 പൗണ്ട് വരെ ഈടാക്കാറുണ്ട്, എന്നാൽ ഈ മാറ്റം സൗജന്യമായാണ് ചെയ്ത് നൽകിയതെന്ന് പാർലർ മാനേജരായ ജാമി ടെയ്‌ലർ പറഞ്ഞു.
ഇനിയും ടാറ്റൂ ചെയ്യുമോ എന്ന ചോദ്യത്തിന്, മനസ്സിൽ തോന്നിയാൽ അപ്പോൾ ചെയ്യുമെന്നും ഫുട്ബോൾ സംബന്ധമായ ടാറ്റൂകൾ ഭാവിയിൽ ഉണ്ടായേക്കാമെന്നും ഷോൺ പറഞ്ഞു.
ഹോളി ട്രിനിറ്റി ടാറ്റൂസിന്റെ ഫേസ്ബുക്ക് പേജിൽ ഈ തിരുത്തലിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. “ടാറ്റൂ ആർട്ടിസ്റ്റുകൾ എപ്പോഴും കാത്തിരിക്കാൻ പറയുന്നത് എന്തുകൊണ്ടാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്” എന്നായിരുന്നു അവരുടെ കമന്റ്.
സെമി ഫൈനലിൽ അർജന്റീനയോട് തോറ്റ ഇംഗ്ലണ്ട്, പിന്നീട് മിയാമിയിൽ നടന്ന മത്സരത്തിൽ ഫ്രാൻസിനെ 6-4ന് തോൽപ്പിച്ച് ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി.
