ഫിഫയുടെ വാണിജ്യ പദ്ധതികൾക്കെതിരെ പ്രതിഷേധം ശക്തം; മൊറോക്കോയിൽ അടിയന്തര യോഗം വിളിച്ചു ജിയാനി ഇൻഫാന്റിനോ
ഫിഫയുടെ വാണിജ്യ, ഇവന്റ് പ്രവർത്തനങ്ങൾ വിറ്റഴിക്കാനുള്ള പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ പദ്ധതിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ, ലോക ഫുട്ബോൾ ഭരണസമിതിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ബുധനാഴ്ച മൊറോക്കോയിൽ ചേരാൻ ഇൻഫാന്റിനോ നിർദ്ദേശിച്ചു. കഴിഞ്ഞ ഒരാഴ്ചയായി മൊറോക്കോയിലുള്ള ഇൻഫാന്റിനോ, വിവാദങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റബാത്തിൽ അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
ഫിഫയുടെ ആഗോള ഫുട്ബോൾ വികസന മേധാവി ആർസെൻ വെംഗർ, സെക്രട്ടറി ജനറൽ മത്തിയാസ് ഗ്രാഫ്സ്ട്രോം, ജോർദാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ് അലി എന്നിവർ ഇൻഫാന്റിനോയുടെ ‘ഫിഫ ഫോർവേഡ് എൻ്റർപ്രൈസ്’ പദ്ധതിക്കെതിരെയുള്ള തങ്ങളുടെ എതിർപ്പ് പരസ്യമാക്കി.
പദ്ധതി ഉപേക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അത് ചർച്ചകൾക്ക് അതീതമായ കാര്യമാണെന്നും വെംഗർ ഫിഫ വഴി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. 2019 മുതൽ ഫുട്ബോൾ ഡാറ്റ വിശകലനം, ഫിഫയുടെ ഓൺലൈൻ പരിശീലനം, യുവജന മത്സരങ്ങൾ എന്നിവയുടെ ചുമതല വഹിക്കുന്ന മുൻ ആഴ്സണൽ മാനേജർ കൂടിയാണ് വെംഗർ.
നേരത്തെ പുരുഷന്മാരുടെ ലോകകപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്താനുള്ള ഇൻഫാന്റിനോയുടെ നിർദ്ദേശത്തെ വെംഗർ പിന്തുണച്ചിരുന്നു. എന്നാൽ, താൻ ഈ പുതിയ തന്ത്രപ്രധാനമായ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ലെന്നും മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് ഇക്കാര്യം ആദ്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സുതാര്യതയും സത്യസന്ധതയും പുലർത്തുന്ന ഒരു സ്വതന്ത്ര ഫിഫയിൽ താൻ വിശ്വസിക്കുന്നുവെന്നും വെംഗർ കൂട്ടിച്ചേർത്തു.
ഉയർന്നുവന്ന വിവാദങ്ങളെത്തുടർന്ന് ഫിഫയുടെ ആഗോള തന്ത്രങ്ങളുടെയും ഭരണത്തിന്റെയും സീനിയർ ഉപദേഷ്ടാവായിരുന്ന കാർലോസ് കോർഡീറോ രാജിവെച്ചിരുന്നു. ഫുട്ബോളിന്റെ ഭാവിയെ ബാധിക്കുന്ന മോശമായ തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ രാജി. നിയമനടപടികൾ സ്വീകരിക്കുമെന്ന് യുഎഫ്എ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ, അവർ അയച്ച രേഖകളിൽ പേരുള്ള 18 ഫിഫ ഉദ്യോഗസ്ഥരിൽ ഒരാളാണ് വെംഗർ.
നേതൃത്വത്തിന്റെ വീഴ്ച: പ്രിൻസ് അലി
ഡിസംബറിൽ നടന്ന ഫിഫ അറബ് കപ്പിൽ റണ്ണറപ്പായപ്പോൾ ലഭിക്കേണ്ട സമ്മാനത്തുക ഫിഫ തടഞ്ഞുവെച്ചുവെന്ന് പ്രിൻസ് അലി ആരോപിച്ചു. ലോകകപ്പ് ഫൈനലിന് മുൻപ്, ഇൻഫാന്റിനോയുടെ പുനർ തിരഞ്ഞെടുപ്പിനായി 211 അംഗ അസോസിയേഷനുകളിൽ നിന്ന് 200-ലധികം പിന്തുണക്കത്തുകൾ ലഭിച്ചതായി ഇൻഫാന്റിനോ അവകാശപ്പെട്ടിരുന്നു. എന്നാൽ, പിന്തുണ നൽകാൻ വിസമ്മതിച്ച അപൂർവ്വം ചിലരിൽ ജോർദാനും ഉൾപ്പെടുന്നു.
സമ്മാനത്തുക നൽകാൻ വൈകിയതിനെതിരെ പ്രിൻസ് അലി എക്സിൽ (X) വിമർശനം ഉന്നയിച്ചു. തുക നൽകുന്നതിൽ നിന്ന് ഫിഫ വിട്ടുനിന്നെന്നും, ഇൻഫാന്റിനോയെ പിന്തുണച്ചാൽ ഫുട്ബോൾ അസോസിയേഷനെ സഹായിക്കാമെന്ന് ഫിഫയുടെ ഭാഗത്തുനിന്നും സൂചന ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
“ഇതൊരു ബ്ലാക്ക് മെയിലിംഗാണ്, ഇതിന് വഴങ്ങാൻ ഞങ്ങൾ തയ്യാറല്ല. പ്രശ്നം നേതൃത്വത്തിലാണ്,” അദ്ദേഹം പറഞ്ഞു. കൂടാതെ, ഈ വേനൽക്കാലത്ത് യുഎസിലേക്ക് പോകേണ്ട ജോർദാൻ കാണികൾക്ക് വിസ നിഷേധിച്ചതായും അദ്ദേഹം ആരോപിച്ചു.
ഗ്രഹാഫ്സ്ട്രോമിന്റെ പ്രതികരണം
കഴിഞ്ഞ ആഴ്ച നടന്ന സംഭവങ്ങൾ ഉൾക്കൊള്ളാൻ പ്രയാസകരമാണെന്ന് ഫിഫ ജീവനക്കാർക്ക് അയച്ച ആഭ്യന്തര മെമ്മോയിൽ മത്തിയാസ് ഗ്രാഫ്സ്ട്രോം രേഖപ്പെടുത്തി. 2016-ൽ ഇൻഫാന്റിനോ പ്രസിഡന്റായ ശേഷം അദ്ദേഹത്തിന്റെ അടുത്ത സഹായിയായി പ്രവർത്തിച്ച വ്യക്തിയാണ് ഗ്രാഫ്സ്ട്രോം. 2024-ലാണ് അദ്ദേഹം സെക്രട്ടറി ജനറൽ പദവിയിലെത്തിയത്.
“പദ്ധതി ഉപേക്ഷിച്ചത് ആശ്വാസകരമാണ്. എന്നാൽ നമ്മൾ നേരിട്ടത് ദൗർഭാഗ്യകരമായ സംഭവപരമ്പരകളാണ്. ജീവനക്കാരെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ എപ്പോഴും ശ്രമിക്കും. വ്യക്തികളും ഇത്തരം അസ്ഥിരമായ നിമിഷങ്ങളും വരികയും പോവുകയും ചെയ്യും, എന്നാൽ ഫുട്ബോളിനായുള്ള നമ്മുടെ ലക്ഷ്യം തുടരേണ്ടതുണ്ട്,” ഗ്രാഫ്സ്ട്രോം മെമ്മോയിൽ വ്യക്തമാക്കി.
