ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കെതിരെ സമ്മർദ്ദം ശക്തമാകുന്നു
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നേരിടുന്ന പ്രതിസന്ധികൾക്ക് അയവില്ലാതെ തുടരുന്നു. ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫയുടെ വാണിജ്യ പ്രവർത്തനങ്ങൾ സ്വകാര്യ നിക്ഷേപകർക്കായി തുറന്നുകൊടുക്കാൻ ലക്ഷ്യമിട്ടിരുന്ന ഫിഫ ഫോർവേഡ് എന്റർപ്രൈസ് (FFE) എന്ന വിവാദ പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് സ്വിസ് വംശജനായ ഈ ഫിഫ തലവൻ.
ഈ വിഷയത്തിൽ ഫിഫ പ്രസിഡന്റിനെതിരെ പരസ്യമായി രംഗത്തുള്ള യുവേഫ (UEFA), അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായി ‘ദി ടെലിഗ്രാഫ്’ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
ഇൻഫാന്റിനോയെ രാജിവെപ്പിക്കാനായി ഫിഫയുടെ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാൻ അദ്ദേഹത്തിന്റെ എതിരാളികൾ പദ്ധതിയിടുന്നതായി പ്രശസ്തമായ ‘ദി ടൈംസ്’ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്യുന്നു.
ജിയാനി ഇൻഫാന്റിനോ തൽസ്ഥാനത്ത് തുടരുകയാണെങ്കിൽ, ഫിഫയ്ക്ക് സമാന്തരമായി പുതിയ അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കാൻ പോലും എതിരാളികൾ തയ്യാറെടുക്കുന്നുവെന്ന വാർത്തകൾ ഫിഫയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
