മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി നെയ്മർ; സാന്റോസുമായുള്ള കരാറിനെക്കുറിച്ച് പ്രതികരണം
തിങ്കളാഴ്ച വൈകുന്നേരം നടന്ന നെയ്മർ ജൂനിയർ പ്രോജക്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആറാമത് ലേലത്തിൽ നെയ്മർ പങ്കെടുത്തു. ചടങ്ങ് പൂർത്തിയാകും മുൻപ് തന്നെ താൻ മടങ്ങുകയാണെന്നും വീട്ടിൽ പോയി വിശ്രമിക്കേണ്ടതുണ്ടെന്നും സാന്റോസ് താരം വ്യക്തമാക്കി.
ചൊവ്വാഴ്ച ബെലെമിൽ വെച്ച് നടക്കാനിരിക്കുന്ന 2026 കോപ്പ ഡോ ബ്രസീൽ റൗണ്ട് ഓഫ് 16 രണ്ടാം പാദ മത്സരത്തിൽ റെമോയ്‌ക്കെതിരെ സാന്റോസ് കളത്തിലിറങ്ങാനിരിക്കെയാണ് താരത്തിന്റെ മടക്കം. ഇരു ടീമുകളും തമ്മിലുള്ള ആദ്യ പാദ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചിരുന്നു.
ചടങ്ങിന് മുന്നോടിയായി മാധ്യമങ്ങൾക്കെതിരെ നെയ്മർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. അർത്ഥമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും, ഇത് പല കളിക്കാരെയും മാനസികമായി തളർത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
“ബ്രസീലിലെ ഒരു വലിയ വിഭാഗം മാധ്യമങ്ങൾ ഫുട്ബോൾ താരങ്ങളെ രോഗികളാക്കുകയാണ്. ബ്രസീലിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതും എന്നാൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നതുമായ തൊഴിലാണ് ഫുട്ബോൾ. അതിനാൽ മാധ്യമപ്രവർത്തകർ വാർത്തകൾ നൽകുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ഇതിൽ ഭൂരിഭാഗവും സത്യമല്ല. ഇത്തരം വ്യാജവാർത്തകൾ താരങ്ങളെയും അവരുടെ കുടുംബത്തെയും ആരാധകരെയും ദോഷകരമായി ബാധിക്കുന്നു. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം,” നെയ്മർ പറഞ്ഞു.
+ 📊 കഴിഞ്ഞ ഒൻപത് വർഷമായി ഫുട്ബോളിൽ നിറസാന്നിധ്യമായി നെയ്മർ; കൂടുതൽ അറിയാം
കായികതാരങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ചും നെയ്മർ പ്രത്യേകമായി സംസാരിച്ചു.
“ഒരു കളിക്കാരന്റെ മാനസിക നില ശക്തമാണ്; എന്റെ കാര്യമെടുത്താൽ അത് വളരെ ശക്തമാണ്. എന്നാൽ എല്ലാവരും അങ്ങനെയല്ല. ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ പറയാൻ മാധ്യമങ്ങൾ തയ്യാറാകണം. കൈയ്യിൽ മൈക്കുണ്ടെന്ന് കരുതി എന്തും പറയാം എന്നത് ശരിയല്ല. തെറ്റായ വാർത്ത നൽകിയാൽ പിന്നീട് അത് തിരുത്താനോ മാപ്പ് പറയാനോ ആരും തയ്യാറാകുന്നില്ല. ഇത് പരിധി വിടുന്ന കാര്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
സാന്റോസുമായുള്ള കരാറിനെക്കുറിച്ചും 2026 സീസണിന് ശേഷം വിരമിക്കാനുള്ള സാധ്യതയെക്കുറിച്ചും താരം മനസ്സ് തുറന്നു.
“ഞാൻ ഇനിയും എത്രകാലം കളിക്കുമെന്ന് എനിക്കറിയില്ല. വിരമിക്കലിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. ഡിസംബർ വരെ സാന്റോസുമായി എനിക്ക് കരാറുണ്ട്. അത് പൂർണ്ണമായി പാലിക്കാനാണ് എന്റെ തീരുമാനം. സാന്റോസ് ജേഴ്സിക്കായി മികച്ച പ്രകടനം കാഴ്ചവെക്കും. കരാർ അവസാനിച്ച ശേഷം മാത്രം തുടർനടപടികളെക്കുറിച്ച് ആലോചിക്കും. ഞാൻ ടീമിൽ തുടരുമോ, പോകുമോ അതോ കളി നിർത്തുമോ എന്നതൊക്കെ അപ്പോൾ തീരുമാനിക്കും.”
നെയ്മറിന്റെ പിതാവും ചടങ്ങിൽ സന്നിഹിതനായിരുന്നു. റെമോയ്‌ക്കെതിരായ മത്സരത്തിൽ പരിശീലകൻ കുക്കയിൽ നിന്ന് മകന് പിന്തുണ ലഭിച്ചില്ലെന്ന വിവാദത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.
