താൻ 200 ശതമാനം അർജന്റീനക്കാരൻ; യുഎസ് കോച്ച് മൗറീഷ്യോ പോച്ചെറ്റിനോ
2026 ലോകകപ്പിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ടീമിനെ പ്രീക്വാർട്ടറിലെത്തിച്ചതിന് പിന്നാലെ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ നടത്തിയ പ്രതികരണം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാകുന്നു. ബോസ്നിയ ആൻഡ് ഹെർസഗോവിനയ്‌ക്കെതിരെ 2-0 ന് വിജയിച്ചതിന് പിന്നാലെയാണ് താൻ അമേരിക്കക്കാരനാണോ എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യം പരിശീലകന് നേരിടേണ്ടി വന്നത്. താൻ 200 ശതമാനം അർജന്റീനക്കാരനാണെന്നായിരുന്നു ഇതിന് അദ്ദേഹം നൽകിയ വ്യക്തമായ മറുപടി.
താൻ നുണ പറയുന്നില്ലെന്നും, 200 ശതമാനം അർജന്റീനക്കാരനായി തുടരുമ്പോൾ തന്നെ, വലിയൊരു കാര്യത്തിനായി ടീമിനൊപ്പം പ്രവർത്തിക്കുന്നത് ആസ്വദിക്കുന്നുണ്ടെന്നും വാർത്താ സമ്മേളനത്തിൽ പോച്ചെറ്റിനോ പറഞ്ഞു. മത്സരശേഷം താരങ്ങൾക്കൊപ്പം ജോൺ ഡെൻവറിന്റെ ‘ടേക്ക് മി ഹോം, കൺട്രി റോഡ്‌സ്’ എന്ന ഗാനം ആവേശത്തോടെ പാടിയതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ആ ഗാനം കേൾക്കുമ്പോൾ ഒപ്പം പാടാതിരിക്കാൻ കഴിയില്ലെന്നും, എന്നാൽ താൻ ഇപ്പോഴും 200 ശതമാനം അർജന്റീനക്കാരൻ തന്നെയാണെന്നും അദ്ദേഹം ആവർത്തിച്ചു.
താരക് മുഹറെമോവിച്ചുമായുള്ള തർക്കത്തെ തുടർന്ന് ഫോളാരിൻ ബലോഗുന് നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ച സംഭവത്തിന് ശേഷം ടീം നടത്തിയ പ്രതികരണത്തെയും പരിശീലകൻ പ്രശംസിച്ചു. ചുവപ്പ് കാർഡിന് ശേഷം നമ്മൾ ഒറ്റക്കെട്ടാണെന്ന് തെളിയിക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്നും താരങ്ങൾ പോരാട്ടവീര്യം കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. ടീമാണ് യഥാർത്ഥ നായകന്മാരെന്നും അവർ എല്ലാ അഭിനന്ദനങ്ങളും അർഹിക്കുന്നുണ്ടെന്നും പോച്ചെറ്റിനോ കൂട്ടിച്ചേർത്തു.
റഫറിയുടെ തീരുമാനത്തോട് പോച്ചെറ്റിനോ വിയോജിപ്പ് പ്രകടിപ്പിച്ചു. അതൊരിക്കലും ചുവപ്പ് കാർഡ് അർഹിക്കുന്ന തീരുമാനമായിരുന്നില്ലെന്നും ടിവിയിൽ റീപ്ലേ കണ്ടപ്പോൾ എതിരാളിയുടെ മേൽ ചവിട്ടാനുള്ള ഉദ്ദേശം ബലോഗുന് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണ ഫുട്ബോൾ നീക്കം മാത്രമായിരുന്നു അതെന്നും ഇന്നത്തെ 50-50 തീരുമാനങ്ങൾ തങ്ങൾക്ക് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രീക്വാർട്ടർ ഉറപ്പിച്ചതോടെ അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് പരിശീലകൻ. പ്രീക്വാർട്ടറിൽ ബെൽജിയമാണ് യുഎസിന്റെ എതിരാളികൾ. റുഡി ഗാർസിയ പരിശീലിപ്പിക്കുന്ന ബെൽജിയം ടീം മികച്ച ഗുണനിലവാരമുള്ളവരാണെന്നും, എതിരാളി പരിശീലകനെ തനിക്ക് നന്നായി അറിയാമെന്നും പോച്ചെറ്റിനോ വ്യക്തമാക്കി.
🔥 നിങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇനി ഒരൊറ്റ ആപ്പിൽ!
