ജമൈക്കൻ വനിതാ ഫുട്ബോൾ ടീമിന്റെ പോരാട്ടവീര്യം; ‘റെഗ്ഗെ ഗേൾസ്’ ഡോക്യുമെന്ററി വരുന്നു
റെഡ് ബുൾ സ്റ്റുഡിയോസ് നിർമ്മിച്ച ‘റെഗ്ഗെ ഗേൾസ്’ (Reggae Girlz) എന്ന പുതിയ ഡോക്യുമെന്ററിയുടെ ട്രെയിലറും റിലീസ് തീയതിയും പുറത്തിറങ്ങി. ഓസ്കർ അവാർഡ് ജേതാക്കളായ ഷർമീൻ ഒബെയ്ദ്-ചിനോയ്, ട്രിഷ് ഡാൾട്ടൺ എന്നിവർ ചേർന്നാണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 27 മുതൽ ജോൾട്ടിൽ (JOLT) ഈ ഡോക്യുമെന്ററി സ്ട്രീം ചെയ്യും. ഒക്ടോബർ 27 മുതൽ ആമസോൺ, യൂട്യൂബ് തുടങ്ങിയ പ്രധാന പ്ലാറ്റ്‌ഫോമുകളിലും ഇത് ലഭ്യമാകും.
വനിതാ ഫുട്ബോളിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നായ ജമൈക്കൻ ടീമിന്റെ പോരാട്ടങ്ങളെക്കുറിച്ചാണ് റെഡ് ബുൾ സ്റ്റുഡിയോസ് നിർമ്മിച്ച ഈ ചിത്രം പറയുന്നത്. തുടർച്ചയായി രണ്ട് തവണ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ കരീബിയൻ രാജ്യമായി മാറിയ ജമൈക്കൻ ടീമിന്റെ നേട്ടങ്ങൾ ഡോക്യുമെന്ററിയിൽ വ്യക്തമാക്കുന്നു. 2023-ലെ വനിതാ ലോകകപ്പിലേക്കുള്ള ജമൈക്കയുടെ യാത്രയും ഫ്രാൻസ്, ബ്രസീൽ തുടങ്ങിയ വമ്പൻമാർക്കെതിരെ അവർ നടത്തിയ പ്രകടനങ്ങളും ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ആദ്യ മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെ ഗോള്രഹിത സമനിലയിൽ തളച്ച ജമൈക്ക, പിന്നീട് പാനമയെ അലിസൺ സ്വാബിയുടെ ഗോളിലൂടെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ ക്യാപ്റ്റൻ ഖദീജ ‘ബണ്ണി’ ഷായുടെ അഭാവത്തിലും ടീം മികച്ച പ്രകടനം നടത്തി. മടങ്ങിയെത്തിയ ഷായുടെ നേതൃത്വത്തിൽ ബ്രസീലിനെതിരെയും ഗോള്രഹിത സമനില പിടിച്ച ജമൈക്ക പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. പ്രീ ക്വാർട്ടറിൽ കൊളംബിയയോട് 1-0 ന് പരാജയപ്പെട്ടെങ്കിലും തലയുയർത്തിയാണ് അവർ മടങ്ങിയത്.
എന്താണ് ‘റെഗ്ഗെ ഗേൾസ്’ ഡോക്യുമെന്ററി?
കളിക്കളത്തിലെ നേട്ടങ്ങൾക്കപ്പുറം ഓസ്‌ട്രേലിയയിലേക്കുള്ള ടീമിന്റെ യാത്രയും പ്രതിസന്ധികളുമാണ് ഡോക്യുമെന്ററി വരച്ചുകാട്ടുന്നത്. 2023 ലോകകപ്പിന് മുമ്പ് ശമ്പള കുടിശ്ശിക, യാത്രാ സൗകര്യങ്ങളിലെ അപര്യാപ്തതകൾ, പരിശീലന ക്യാമ്പുകളുടെ അഭാവം തുടങ്ങിയ കടുത്ത പ്രതിസന്ധികൾ ടീം നേരിട്ടിരുന്നു. ഇതിനിടയിലാണ് ബോബ് ആൻഡ് റിത മാർലി ഫൗണ്ടേഷനും ജമൈക്കൻ ടീമിന്റെ മുൻ ഗ്ലോബൽ അംബാസഡർ സെഡെല്ല മാർലിയും സഹായവുമായെത്തിയത്. ബോബ് മാർലിയുടെ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ‘ഫുട്ബോൾ ഈസ് ഫ്രീഡം’ എന്ന സന്ദേശം പങ്കുവെക്കുന്നു. സെഡെല്ല മാർലിയാണ് ഇതിന്റെ ഔദ്യോഗിക സൗണ്ട് ട്രാക്ക് തയ്യാറാക്കിയിരിക്കുന്നത്.
ഡോക്യുമെന്ററിയിൽ ആരൊക്കെ ഉൾപ്പെടുന്നു?
ജമൈക്കൻ ടീമിന്റെ ലോകകപ്പ് പോരാട്ടത്തിലെ താരങ്ങളായ ബണ്ണി ഷാ, കോന്യ പ്ലമ്മർ എന്നിവരെ ഡോക്യുമെന്ററിയിൽ എടുത്തു കാണിക്കുന്നുണ്ട്. 2019-ൽ ആദ്യമായി ലോകകപ്പിൽ ജമൈക്കയെ നയിക്കുമ്പോൾ കോന്യ പ്ലമ്മറിന് 21 വയസ്സ് മാത്രമായിരുന്നു പ്രായം. ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് ഇവർ.
മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റനിര താരമായ ബണ്ണി ഷായും ചിത്രത്തിലുണ്ട്. ജമൈക്കയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം കൂടിയാണ് ഷാ. ഇവർക്ക് പുറമെ മെക്സിക്കൻ ക്ലബ്ബിൽ കളിക്കുന്ന ഡെനീഷ് ബ്ലാക്ക്‌വുഡിന്റെ വിശേഷങ്ങളും ഡോക്യുമെന്ററി പങ്കുവെക്കുന്നു. പ്രതിരോധത്തിലും മധ്യനിരയിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബ്ലാക്ക്‌വുഡ്, ജമൈക്കയുടെ നാല് ലോകകപ്പ് മത്സരങ്ങളിലും പങ്കാളിയായിരുന്നു.
‘റെഗ്ഗെ ഗേൾസ്’ ട്രെയിലർ കാണാം
