ഫിഫയുടെ നിക്ഷേപ പദ്ധതിക്കെതിരെ നിയമനടപടിക്കൊരുങ്ങി യുവേഫ
ഫിഫ മത്സരങ്ങളിൽ സ്വകാര്യ നിക്ഷേപകർക്ക് ഓഹരികൾ വിൽക്കാനുള്ള ജിയാനി ഇൻഫാന്റിനോയുടെ പദ്ധതികൾ ഉപേക്ഷിച്ചതിന് പിന്നാലെ, ഫിഫയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് യുവേഫ മുന്നറിയിപ്പ് നൽകി. ഈ വിഷയത്തിൽ നേരത്തെ നൽകിയിരുന്ന പിന്തുണ പിൻവലിക്കുന്നതായി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനും അറിയിച്ചിട്ടുണ്ട്.
യൂറോപ്പ്, വടക്ക്-മധ്യ അമേരിക്ക, കരീബിയൻ എന്നിവിടങ്ങളിലെ ഫുട്ബോൾ ഭരണസമിതികൾ നേരത്തെ തന്നെ ഇൻഫാന്റിനോയുടെ നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ, ഇൻഫാന്റിനോയുടെ പ്രസിഡന്റ് സ്ഥാനത്തിനായുള്ള തുടർ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ പിൻവലിക്കുന്നതായി പ്രഖ്യാപിച്ച ആദ്യത്തെ രാജ്യമായി വെയ്ല്‍സ് മാറി.
ലോകകപ്പുകൾ ഉൾപ്പെടെയുള്ള പ്രധാന ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിക്കാൻ ഫിഫ ഒരു വാണിജ്യ അനുബന്ധ സ്ഥാപനം (Fifa Forward Enterprise – FFE) രൂപീകരിക്കാനും, ഇതിൽ ബാഹ്യ നിക്ഷേപകർക്ക് ഓഹരികൾ വിൽക്കാനുമായിരുന്നു ഫിഫയുടെയും ഇൻഫാന്റിനോയുടെയും പദ്ധതി. പദ്ധതിയുമായി ബന്ധപ്പെട്ട് നിയമനടപടികൾ, ആർബിട്രേഷൻ, അല്ലെങ്കിൽ റെഗുലേറ്ററി പരാതികൾ എന്നിവ പരിഗണിക്കുകയാണെന്ന് യുവേഫ ഇൻഫാന്റിനോയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇലക്ട്രോണിക് വിവരങ്ങളും നശിപ്പിക്കാതെ സൂക്ഷിക്കണമെന്നും യുവേഫ കർശന നിർദേശം നൽകിയിട്ടുണ്ട്.
തന്റെ വിവാദമായ നിർദ്ദേശത്തെ പിന്തുണയ്ക്കുന്ന എല്ലാ 211 ഫിഫ അംഗ അസോസിയേഷനുകൾക്കും 40 ദശലക്ഷം ഡോളർ വീതം നൽകുമെന്ന് ഇൻഫാന്റിനോ വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ ആദ്യ ഘട്ടമായി 20 ദശലക്ഷം ഡോളർ ലഭിക്കുന്നതിനായി സെപ്റ്റംബർ 19 വരെയായിരുന്നു അവസാന തീയതി നിശ്ചയിച്ചിരുന്നത്. അമേരിക്കൻ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ‘ത്രൈവ് എറ്റേണൽ’ ആയിരിക്കും നിക്ഷേപക സംഘത്തെ നയിക്കുകയെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
ഇമെയിൽ, വാട്‌സ്ആപ്പ്, സിഗ്നൽ, ടീംസ്, സ്ലാക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ സന്ദേശങ്ങൾ, എസ്എംഎസ്, മീറ്റിംഗ് കുറിപ്പുകൾ എന്നിവ ഉൾപ്പെടെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സൂക്ഷിക്കണമെന്ന് യുവേഫ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിഫ അംഗ അസോസിയേഷനുകൾക്കുള്ള പണമിടപാട് ഘടന, അതിന്റെ രൂപകല്പന, നിയമപരമായ അടിത്തറ തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകളും ഇതിൽ ഉൾപ്പെടും. അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ കത്ത് ലഭിച്ചതായി സ്ഥിരീകരണം നൽകണമെന്നും യുവേഫ ഇൻഫാന്റിനോയോട് ആവശ്യപ്പെട്ടു.
ഫിഫയും യുവേഫയും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയാണ് ഈ സംഭവവികാസങ്ങൾ. ഇൻഫാന്റിനോയുടെ നിലനിൽപ്പിന് ഇത് കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. യുവേഫയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രതിഷേധം ഇൻഫാന്റിനോയെ സ്ഥാനഭ്രഷ്ടനാക്കുന്നതിലേക്ക് നയിക്കുമോ എന്നതും, ഫിഫ കൗൺസിലിന്റെ അടിയന്തര യോഗം വിളിച്ചുചേർക്കാൻ ആവശ്യമായ 37-ൽ 19 വോട്ടുകൾ നേടാൻ യുവേഫയ്ക്ക് കഴിയുമോ എന്നതുമാണ് ഇപ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
