അസ്റ്റൺ വില്ല വിട്ട എബോണി സാൽമൺ വെസ്റ്റ് ഹാം യുണൈറ്റഡിൽ
അസ്റ്റൺ വില്ലയിൽ നിന്നുള്ള കരാർ അവസാനിച്ചതിന് പിന്നാലെ ഇംഗ്ലണ്ട് ഫോർവേഡ് എബോണി സാൽമൺ വെസ്റ്റ് ഹാം യുണൈറ്റഡുമായി കരാറിലെത്തി. രണ്ട് വർഷത്തേക്കാണ് താരവുമായുള്ള കരാർ.
25 വയസ്സുകാരിയായ സാൽമൺ നാല് തവണ ഇംഗ്ലീഷ് ദേശീയ ടീമിനായി കളത്തിലിറങ്ങിയിട്ടുണ്ട്. അസ്റ്റൺ വില്ലയ്ക്ക് വേണ്ടി 75 മത്സരങ്ങളിൽ താരം പന്തുതട്ടി. ഈ സീസണോടെ ക്ലബ്ബുമായുള്ള കരാർ അവസാനിച്ചതോടെയാണ് താരം ടീം വിട്ടത്.
വില്ലയുടെ അക്കാദമിയിലൂടെ വളർന്നു വന്ന സാൽമൺ, 2018-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയിരുന്നു.
“വെസ്റ്റ് ഹാം യുണൈറ്റഡിൽ ചേരുന്നതിലും എന്റെ കരിയറിലെ പുതിയൊരു അധ്യായം തുടങ്ങുന്നതിലും ഏറെ സന്തോഷമുണ്ട്,” എന്ന് താരം പ്രതികരിച്ചു.
“ക്ലബ്ബിലെ റിറ്റ [ഗ്വാരിനോ]യുമായും മറ്റുള്ളവരുമായും സംസാരിച്ച ശേഷം, എനിക്ക് ഏറ്റവും അനുയോജ്യമായ ക്ലബ്ബാണ് ഇതെന്ന ബോധ്യം ലഭിച്ചു.”
“ടീമിലെ പുതിയ സഹതാരങ്ങളെയും ആരാധകരെയും കാണുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്. ഈ സീസണിൽ വെസ്റ്റ് ഹാമിനെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു,” താരം കൂട്ടിച്ചേർത്തു.
ഷെഫീൽഡ് യുണൈറ്റഡിൽ ഒരു സീസൺ ലോണിൽ കളിച്ച സാൽമൺ, പിന്നീട് ബ്രിസ്റ്റോൾ സിറ്റിയിലും, യുഎസിൽ റേസിംഗ് ലൂയിസ്‌വില്ലിനും ഹൂസ്റ്റൺ ഡാഷിനും വേണ്ടിയും കളിച്ചിട്ടുണ്ട്.
കഴിഞ്ഞ വനിതാ സൂപ്പർ ലീഗ് സീസണിൽ അവസാന സ്ഥാനങ്ങളിലൊന്നിൽ ഫിനിഷ് ചെയ്ത ഗ്വാരിനോയുടെ ടീമിലേക്ക് ഈ സമ്മറിൽ എത്തുന്ന ഏഴാമത്തെ താരമാണ് സാൽമൺ.
